ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. നിര്‍മല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം. ബജറ്റ് വിവേചനപരം എന്നാരോപിച്ച് നിതി ആയോഗ് യോഗം കോണ്‍ഗ്രസ് ബഹിഷ്ക്കരിക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് കസേര കാക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക കോപ്പിയിടച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്നും രാഹുല്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.