ടിപി വധക്കേസിലെ പ്രതികളെ സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്; ഇത് സംബന്ധിച്ച് പിണറായി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളം

ശിക്ഷാ ഇളവ് പ്രഖ്യാപിച്ച് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നവരുടെ ലിസ്റ്റില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും കൊടും ക്രിമിനലുകളും എന്ന് തെളിയുന്നു. ഇതോടെ പിണറായി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമാകുന്നു. നേരത്തെ പ്രതികളുടെ ലിസ്റ്റ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ തെളിവില്ലെന്ന കാരണത്താല്‍ സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും കള്ളക്കഥ പ്രചരിപ്പിക്കുവെന്നും പറഞ്ഞ് നടന്ന സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടി അനുഭാവികളും സോഷ്യമീഡിയയിലെ പാര്‍ട്ടി പ്രചാരകരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. പുറത്ത് വന്ന ലിസ്റ്റില്‍ കണിച്ചുകുളങ്ങര കേസിലെ പ്രതികളും മണിച്ചനും നിസാമും ഓംപ്രകാശും ഉള്‍പ്പെടെയുള്ളവര്‍ കടന്നുകൂടിയെന്നുമായിരുന്നു അന്ന് വാര്‍ത്ത വന്നത്.

ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം തന്നെ വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. കേരള പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജയില്‍ വകുപ്പ് ശിക്ഷ ഇളവിന് ശുപാര്‍ശ ചെയ്തവരുടെ എണ്ണം എത്ര? പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കാമോ ? എന്നീ ചോദ്യങ്ങള്‍ക്ക് ജയില്‍ ആസ്ഥാനത്തെ സ്റ്റേറ്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ 1911 തടവുകാരുടെ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചതായി വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ പട്ടിക ലഭ്യമാക്കാന്‍ കഴിയില്ലെന്നും മറുപടി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശുപാര്‍ശ പട്ടികയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആരൊക്കെ? എന്നാണ് രണ്ടാമത്തെ ചോദ്യം ഇതിന് ലഭിച്ച മറുപടി ഉണ്ട് എന്നായിരുന്നു. . കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍,സിജിത്ത്,മനോജ്, റഫീക്ക്,അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ്ഷാഫി,ഷിനോജ്.എന്നിവര്‍ ശിക്ഷ ഇളവ് പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരാവകാശ ഓഫീസറുടെ രേഖമൂലമുള്ള വിശദീകരണം. ഇതോടെ ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ ഇടയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ സൂചന കളവാണന്ന് വ്യക്തമായരിക്കയാണ്. അന്ന് വാര്‍ത്തകളുടെ പിന്‍ബലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഈ പച്ചക്കള്ളം നിയമസഭയില്‍ പറഞ്ഞത്.

വിവരാകാശ രേഖയില്‍ പറയുന്ന കെ സി രാമചന്ദ്രന്‍ കേസിലെ എട്ടാം പ്രതിയും സിപിഐ എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. ഗൂഢാലോചനയില്‍ കുറ്റം ചുമത്തപ്പെട്ട കുഞ്ഞനന്തന്‍ സി പി എം പാനൂര്‍ ഏര്യാകമ്മിറ്റി അംഗമായിരുന്നു. വിവരാവകാശ രേഖയില്‍ പറയുന്ന സിജിത്ത് കേസിലെ ആറാം പ്രതിയായ അണ്ണന്‍ സിജിത്താണ്. മനോജ് രണ്ടാം പ്രതിയായ കിര്‍മ്മാണി മനോജാണ്, സുനില്‍കുമാര്‍ ആണ് മൂന്നാം പ്രതിയായ കൊടി സുനി. ഇതില്‍ രജീഷും കിര്‍മ്മാണി മനോജും അണ്ണന്‍ സിജിത്തും ഇപ്പോള്‍ തിരുവനന്തപും സെന്‍ട്രല്‍ ജയിലിലാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റം ആവിശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവര്‍. കൊടി സുനിയും കൂട്ടരും വിയ്യൂര്‍ ജയിലിലാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ കണ്ണൂരിലേക്ക് ജയില്‍ മാറ്റത്തിന് ഇവരും അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം.

വിവരാവകാശ രേഖ പ്രകാരം മൂന്നാമത്തെ ചോദ്യം ഇതായിരുന്നു. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ് പ്രതി ഓം പ്രകാശ്, കല്ലൂവാതില്‍ക്കല്‍ കേസ് പ്രതികള്‍ എന്നിവര്‍ ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? ഉണ്ട് എന്നായിരുന്നു മറുപടി. കല്ലുവാതില്‍ക്കല്‍ മദ്യദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചനു പുറമെ സഹോദരന്‍ വിനോദും പട്ടികയിലുണ്ട്. ഇപ്പോള്‍ നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ കഴിയുന്ന മണിച്ചനെ നേരത്തെ വിട്ടയയ്ക്കാന്‍ ജയില്‍ ഉപദേശക സമിതിയില്‍ വന്ന ശുപാര്‍ശ ജില്ലാ ജഡ്ജിയുടെയും പൊലീസ് സുപ്രണ്ടിന്റെയും എതിര്‍പ്പിനെ തുര്‍ന്ന് തള്ളപ്പെട്ടിരുന്നു.

മണിച്ചന്റെ സഹോദരന്‍ വിനോദിനെ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റവെ കയ്യില്‍ നിന്നും മൊബൈല്‍ പിടിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്ററല്‍ ജയിലിലാക്കുകയായിരുന്നു.കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനേയും ഇപ്പോള്‍ കണ്ണൂര്‍ സെന്ററല്‍ ജയിലിലുള്ള ഓം പ്രകാശിനേയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജയില്‍ വകുപ്പിലെ ഒരു ഉന്നതന്‍ തന്നെ മുന്നിട്ടിറങ്ങി എന്നാണ് വിവരം. ജയില്‍ സുപ്രണ്ടുമാര്‍ നല്‍കിയ ശുപാര്‍ശ ജയില്‍ മേധാവി വഴി പരിശോധന സമിതിക്കു മുന്നില്‍ വരുന്നതിന് മുന്‍പ് തന്നെ ഷെറിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നുവെന്നാണ് വിവരം. അറുപത്തിഅഞ്ചു വയസു കഴിഞ്ഞ വയോധികരെ കൊലപ്പെടുത്തിയവരെ ശിക്ഷ ഇളവ് പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ചട്ടം ഇതു മനസിലാക്കി ഷെറിന്‍ കൊലപ്പെടുത്തിയ കാരണവര്‍ക്ക് മരിക്കുമ്പോള്‍ 63 വയസേ ഉണ്ടായിരുന്നുള്ളുവെന്നാണ് സമിതി കണ്ടെത്തല്‍.

വിട്ടയക്കേണ്ടവരുടെ പട്ടിക പരിശോധിക്കേണ്ട സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കും നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്കും പുറമെ ജയില്‍ ഡി ഐ ജി പ്രദീപും അംഗമായിരുന്ന പട്ടികയില്‍ ഓം പ്രകാശിനെ ഉള്‍പ്പെടുത്താന്‍ കടുത്ത സമ്മര്‍ദ്ദം സമിതിയിക്ക് മേല്‍ ഉണ്ടായിരുന്നതായാണ് വിവരം. വാടക കൊലയാളികളെയും ഗുണ്ടകളെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ഇല്ലാതിരുന്നിട്ടും പ്രത്യേക താല്‍പര്യത്തില്‍ ഓം പ്രകാശിനെയും ഉള്‍പ്പെടുത്തുകയായിരുന്നു. അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ 2015 ല്‍ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കപ്പെട്ട ഓം പ്രകാശ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്.

വിവരവാകാശ നിയമപ്രകാരം നാലമത്തെ ചോദ്യം ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം ശുപാര്‍ശ പട്ടികയില്‍ ഉണ്ടായിരുന്നോ? കാപ്പ ചുമത്തപ്പെട്ടനിസാമിനെ ഏതുവ്യവസ്ഥയുടെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നാതായിരുന്നു. ഇതിന് ലഭിച്ച മറുപടി ഉണ്ട് എന്നായിരുന്നു. മുഹമ്മദ് നിസാമിനെ ജയിലില്‍ പ്രവേശിപ്പിച്ച സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ രെമിഷനുള്ള ലിസ്റ്റ് സമര്‍പ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായരുന്നുവെന്നും മറുപടിയില്‍ പറയുന്നു. ഇതേ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് അധികൃതര്‍ നല്‍കിയത് വിചിത്രമായ മറുപടിയായിരുന്നു. ആവശ്യപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമം 2005ന്റെ 8 (1)വകുപ്പ് പ്രകാരം മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലന്നായിരുന്നു.ആഭ്യന്തര വകുപ്പിലെ പബ്‌ള്കി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ സുഭാഷാണ് ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയത്.

ബലാത്സംഗക്കേസ്, ലഹരി മരുന്ന് കേസ്, രാജ്യദ്രോഹം, വിദേശ തടവുകാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍, വര്‍ഗീയ കലാപങ്ങളില്‍ പ്രതികളായവര്‍ ,വാടക കൊലയാളികള്‍, വയോധികരെ കൊലപ്പെടുത്തിയവര്‍,എന്നിവരെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ പാടില്ലന്ന ചട്ടത്തിന്റെ നഗ്‌നമായ ലംഘനം ജയില്‍ വകുപ്പിന്റെ ശുപാര്‍ശയില്‍ ഉണ്ടായിരുന്നു. ഈ ശുപാര്‍ശ പരിശോധിച്ച ആഭ്യന്തര വകുപ്പ് നിസാമിന്റേത് ഉള്‍പ്പെടെ അടുത്ത കാലത്ത് ശിക്ഷിക്കപ്പെട്ട ചില പേരുകള്‍ ഒഴിവാക്കിയശേഷം 1850 പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് അയച്ചു. ഈ ലിസ്റ്റാണ് കേസിന്റെ വിശദാംശങ്ങള്‍ ആവിശ്യപ്പെട്ട് ഗവര്‍ണര്‍ മടക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും സുപ്രീം കോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലയെന്നു കണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ മടക്കിയത്.

ജീവപര്യന്തം തടവുകാരന്റെ ശിക്ഷ ജീവിതാവസാനം വരെയാണന്ന് നിര്‍വ്വചിച്ചിട്ടുണ്ടെങ്കിലും 14 വര്‍ഷം വരെ ശിക്ഷ അനുഭവിച്ചാല്‍ ജയിലില്‍ നല്ലനടപ്പാണെങ്കില്‍ അവരെ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മോചിപ്പിക്കാവുന്നതാണ്. അവര്‍ക്കു പോലും ഒരു വര്‍ഷംവരെ ഇളവ് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ശുപാര്‍ശ. ഇതിന് മുന്‍പ് 2011ലും 2012ലും സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയിച്ചിട്ടുണ്ടെങ്കിലും 1850 തടവുകാര്‍ക്ക് കൂട്ടത്തോടെ ശിക്ഷ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത് ഇത് ആദ്യമാണ്.

Top