കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന മഹാഭാരത സിനിമയുടെ ആദ്യ ലൊക്കേഷന്‍ അബുദാബിയിലായിരിക്കുമെന്ന് നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടി വ്യക്തമാക്കി. ആയിരംകോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രമാണെന്ന പ്രചരണം സജീവമായി നിലനില്‍ക്കെ പണം എത്രയെന്നത് തനിക്കൊരു പ്രശ്നമല്ലെന്നും ശതകോടീശ്വരനായ വ്യവസായി വ്യക്തമാക്കി.
താന്‍ നേടിയതെല്ലാം യുഎഇയില്‍ നിന്നാണ്.അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അബുദാബിയില്‍ നിന്നായിരിക്കുമെന്നാണ് ഷെട്ടി വ്യക്തമാക്കിയിട്ടുള്ളത്. ഷൂട്ടിങ്ങിനായി യുഎഇ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് അനുകൂല നിലപാടാണ് ലഭിച്ചത്. ചെലവ് എത്രയാണെന്നത് വിഷയമല്ല. പക്ഷേ, ലോകത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കണമെന്നതാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി.
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ആയിരം കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. ലോസ് ആഞ്ചലസ്, മുംബൈ, ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ പ്രഖ്യാപനമെന്നും ഷെട്ടി പറഞ്ഞു.
യഥാര്‍ഥ കാഴ്ചപ്പാടും പദ്ധതിയുമുണ്ടെങ്കില്‍ പണം പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബജറ്റ് സിനിമ രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാവും. സിനിമാ ചിത്രീകരണത്തിനായി അബുദാബി, ശ്രീലങ്ക, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വാഗ്ദാനങ്ങള്‍ എത്തുന്നുണ്ട്. സ്ഥലം അനുവദിക്കാം, കാട് സൗകര്യപ്പെടുത്താം എന്നിങ്ങനെയാണ് അവരുടെ വാഗ്ദാനങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണ്. താര നിര്‍ണയത്തിലേക്ക് സംവിധായകന്‍ കടന്നിരിക്കുകയാണ്. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാകും.
എ ആര്‍ റഹ്മാനെയും സംഗീത സംവിധാനത്തിന് സമീപിച്ചിട്ടുണ്ടെന്നും ബി ആര്‍ ഷെട്ടി വ്യക്തമാക്കുന്നു. ഇതോടെ ലാലിനെ നായകനാക്കി ഇത്രയും വലിയൊരു ചിത്രമൊരുങ്ങുമോ ഇല്ലയോ എന്നുള്ള ചര്‍ച്ചകള്‍ക്കെല്ലാം വിരാമമാകുകയാണ്