നാനോ എക്‌സല്‍ കേസിലെ മുഖ്യ പ്രതിയെ ഹൈദരാബാദില്‍ അറസ്റ്റുചെയ്തു വിട്ടയച്ചു

കൊച്ചി: നാനോ എക്‌സല്‍ മണി ചെയിന്‍ തട്ടിപ്പി കേസിലെ മുഖ്യ പ്രതിയും കമ്പനി ഡയറക്ടറുമായ ഹരീഷ് ബാബു മദനിയെ ഹൈദരാബാദില്‍ അറസ്റ്റുചെയ്ത ക്രൈംബ്രാഞ്ച് സംഘം അവിടെവച്ചുതന്നെ നിയമവിരുദ്ധമായി വിട്ടയച്ചു.മണി ചെയിന്‍ രൂപത്തില്‍ കേരളത്തില്‍ നിന്നും 300 കോടി രൂപയുടെ തട്ടിപ്പു നടത്തിയതിന് വടക്കാഞ്ചേരി പോലീസ് 2008 ല്‍ ഹരീഷ് ബാബു മദനിയെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും കൂട്ടുപ്രതികളായ ഭാര്യ മീര ഹരീഷ്, രംഗ റെഡ്ഡി, പ്രശാന്ത് സുന്ദര്‍രാജ, ചിന്നറാവു, രാധാ രാജ, സുന്ദര്‍രാജ്, പ്രശാന്ത് എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

നിലവില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിലെ (ഇ ഒ ഡബ്ല്യൂ) എസ് പിയുടെ കീഴിലുള്ള കണ്ണൂരിലെ രണ്ട് കേസിലും മങ്കടയില്‍ ലോക്കല്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത ഒരു കേസിലും ഹരീഷ് ബാബു മദനിയെ അറസ്റ്റ് ചെയ്തിരുന്നില്ല.പ്രതികളെ പിടിക്കുന്നതിനായി കോഴിക്കോട് മേഖലാ ക്രൈംബ്രാഞ്ച് എസ് പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരുടെയും സിഐ മാരുടെയും വലിയ സംഘം ഒരു മാസം മുമ്പ് ഹൈദരാബാദിലെത്തി തമ്പടിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികള്‍ക്കായി ‘അരിച്ചുപെറുക്കി’ യുള്ള അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയെങ്കിലും പ്രതികളെ ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് ഡിവൈഎസ്പിമാരായ റസ്റ്റത്തിന്റെയും പ്രക്ഷോഭിന്റെയും രാജുവിന്റെയും നേതൃത്വത്തില്‍ ഹൈദരാബാദിലെ ഒരു പ്രമുഖ ഹോട്ടലില്‍ വച്ച് അഭിഭാഷകനുമായി സംസാരിച്ചുകൊണ്ടിരുന്ന ഹരീഷാ ബാബു മദനിയെ പിടികൂടുകയായിരുന്നു.

ജാമ്യമില്ലാ വകുപ്പുകളായ 406, 420, 468, 341 ഐപിസി വകുപ്പുകളും പ്രൈസ്, ചിറ്റ്‌സ്, മണി സര്‍ക്കുലേഷന്‍ തുടങ്ങിയ തടഞ്ഞുകൊണ്ടുള്ള നിയമത്തിലെ 3, 4,5, 6 വകുപ്പുകള്‍ പ്രകാരവുമുള്ള കേസുകളില്‍ പ്രതിയായ ഹരീഷ് ബാബുവിനെ ക്രൈംബ്രാഞ്ച് എസ്പി അബ്ദുള്‍ കരീം ഇടപെട്ടു ഹൈദരാബാദില്‍ നിന്ന് തന്നെ ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നാണ് അറിയുന്നത്.മങ്കടയില്‍ ലോക്കല്‍ പോലീസ് ചാര്‍ജ്ജുചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കാതെ വാറണ്ട് കേസിലെ പ്രതിക്ക് ജാമ്യം കൊടുക്കുവാന്‍ തന്നെ പാടില്ലാത്തതാണ്.

ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ചാര്‍ജ്ജ് ചെയ്ത കേസില്‍ ക്രൈംബ്രാഞ്ചിന് അറസ്റ്റ് ചെയ്യാന്‍ തന്നെ പരിമിതികളുണ്ടെങ്കിലും കണ്ണൂരില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന രണ്ടു കേസുകളില്‍ പ്രതിയായതിനാല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ ലോക്കല്‍ പോലീസന് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നത്.

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ നിന്നുതന്നെ അറസ്റ്റു ചെയ്തിട്ടും വിട്ടയച്ച നടപടി പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.ഹരീഷ്ബാബു മദനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കില്‍ കൂട്ടുപ്രതികളായവരെ മുഴുവന്‍ പിടികൂടാന്‍ പറ്റുമായിരുന്ന സാഹചര്യമാണ് ക്രൈംബ്രാഞ്ച് ഉന്നതര്‍ മനഃപൂര്‍വ്വം തുലച്ചത്.

നാനോ എക്‌സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 640 ഓളം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.പ്രതികള്‍ നാനോ എക്‌സല്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച്് നാനോ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹെല്‍ത്ത് കാര്‍ഡ്, ബയോകൂര്‍, വാട്ടര്‍ ബോട്ടില്‍, നാനോ ഫാബ് ക്ലോത്ത്‌സ്, ബ്രൈ സ്ലൈറ്റ്, ജൂവല്‍സ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുകയും മണി ചെയിന്‍ രൂപത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് കേസ്.

മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നുപേരെ വടക്കഞ്ചേരി സിഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.ക്രൈംബ്രാഞ്ചിലെ 2 കേസുകളിലും മങ്കടയിലെ ഒരു വാറണ്ട് കേസിലും പ്രതിയായ ഹരീഷ് ബാബു മദനിയെ രക്ഷപ്പെടാന്‍ അനുവദിക്കുകവഴി ഗുരുതരമായ നിയമവിരുദ്ധമായ പ്രവര്‍ത്തിയും അച്ചടക്കലംഘനവുമാണ് ക്രൈംബ്രാഞ്ച് സംഘത്തിലെ ഉന്നതന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

Top