കൊച്ചി: ബിഷപ്പ് ഫ്രാങ്കോക്കെതിരെ പരാതി നല്‍കുകയും പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീകളെ സ്ഥനം മാറ്റിയ നടപടിയില്‍ ഗൂഢാലോചന നടന്നതായി തെളിവുകള്‍. കുറുവിലങ്ങാട് മഠത്തില്‍ നിന്നും രാജ്യത്തെ വിവിധ മഠങ്ങളിലേയ്ക്കാണ് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റിയ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
നിലവിലെ ജലന്ധര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാണ് കന്യാസ്ത്രീകളുടെ സ്ഥലമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുക. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് അറിയാതെയാണ് മദര്‍ ജനറാല്‍ സ്ഥലമാറ്റ ഉത്തരവ് നല്‍കിയത്. ബിഷപ്പ് ഫ്രാങ്കോയെ തുടക്കം മുതല്‍ പരസ്യമായി പിന്തുണയ്ക്കുന്നവരാണ് മദര്‍ ജനറാള്‍. അത് കൊണ്ടാണ് അഡ്മിസ്‌ട്രേറ്ററായ ബിഷപ്പ് പോലുമറിയാതെ പ്രതികാര നടപടികള്‍ സ്വീകരിചത്. ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് മദര്‍ ജനറാളിനെഴുതിയ കത്ത് പുറത്തായതോടെയാണ് ഗൂഢാലോചന വ്യക്തമായത്.
ഇനി തന്റെ അനുമതിയില്ലാതെ മദര്‍ ജനറാള്‍ ഒരു കത്ത് പോലും കന്യാസ്ത്രീകള്‍ക്ക് നല്‍കരുതെന്ന് ബിഷപ്പ് ആഗ്‌നലോ കര്‍ശനമായ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനം ഇപ്പോഴും കന്യാസ്ത്രീ ഉള്‍പ്പെടുന്ന സന്യാസിനീസമൂഹത്തിന് മേലുണ്ടെന്ന് തെളിയിക്കുന്നതാണ് ബിഷപ്പ് ആഗ്‌നലോയുടെ മറുപടിക്കത്ത്. കന്യാസ്ത്രീകള്‍ക്കെതിരെ ഇത്തരമൊരു കടുത്ത നടപടി എടുത്തിട്ടും ആ വിവരം മദര്‍ ജനറാള്‍ രൂപതയുടെ ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്ററെപ്പോലും അറിയിച്ചിട്ടില്ലെന്നാണ് കത്തിലൂടെ വെളിവാകുന്നത്.
സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ നീന റോസ് നല്‍കിയ കത്ത് കണ്ട് താന്‍ അദ്ഭുതപ്പെട്ടുപോയെന്ന് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് മറുപടിക്കത്തില്‍ പറയുന്നു.രൂപതയുടെ കീഴിലുള്ള സന്യാസസമൂഹത്തിന് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ എനിയ്ക്ക് അവകാശമുണ്ട് – ബിഷപ്പ് ആഗ്‌നലോ പറയുന്നു.