ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ അദ്ഭുതങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. ഉയര്‍ന്ന മൂല്യമുള്ള 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് അടുത്തിടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദി ഒരദ്ഭുതം സമ്മാനിക്കുകയുണ്ടായി. പ്രചാരത്തിലുള്ള കറന്‍സി നോട്ടുകള്‍ പെട്ടെന്ന് ഇല്ലാതാവുമായിരുന്നില്ലെങ്കില്‍ ഇതൊരു അദ്ഭുതമാകുമായിരുന്നില്ല. ഈ നോട്ടുകള്‍ക്ക് നിയമസാധുത നഷ്ടമായിരിക്കുന്നു. അംഗീകൃത ബാങ്കുകള്‍, പോസ്റ്റാഫീസുകള്‍ എന്നിവയിലൂടെ മാത്രമേ ഇവ മാറ്റിയെടുക്കാനാവൂ. വന്‍തോതിലുള്ള പ്രയത്‌നം വേണ്ടിവരുന്നതാണെങ്കിലും നികുതിയുടെയും കള്ളപ്പണ നിക്ഷേപങ്ങളുടെയും സൂക്ഷ്മ പരിശോധനയും ഇതിലുള്‍പ്പെടുന്നു. 500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കുകയെന്നതും ഇതിന്റെ ഭാഗമാണ്.
ഈ നീക്കം ജനങ്ങളില്‍ പരിഭ്രമവും തിടുക്കവും ആകാംക്ഷയുമുണ്ടാക്കിയെന്നത് നേരാണ്. സ്വന്തം രാജ്യത്തെ മോദിയുടെ മിന്നലാക്രമണം എന്നാണ് സാമൂഹ്യമാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. 1975 ല്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന രാഷ്ട്രീയ അടിയന്തരാവസ്ഥ മനസില്‍വച്ച് യുപി മുന്‍മുഖ്യമന്ത്രി മായാവതി പറഞ്ഞത് മോദിയുടെ നടപടി സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നാണ്. ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. പ്രതീക്ഷിച്ചപോലെ മധ്യവര്‍ത്തികളും ദല്ലാളുകളും ജനങ്ങളെ പറ്റിക്കാന്‍ എവിടെനിന്നോ പൊട്ടിമുളച്ചു. അതേസമയം നല്ലൊരുവിഭാഗം മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും കള്ളപ്പണം തടയുന്നതിനുള്ള പുത്തന്‍ നടപടിയാണിതെന്ന് പ്രശംസിച്ചു.
ഇന്ത്യന്‍ തന്ത്രത്തെ പിന്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 5000 ന്റെ കറന്‍സി നോട്ട് പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം പാക്കിസ്ഥാന്റെ സെനറ്റില്‍ ഉയരുകയുണ്ടായി. ഈ നിര്‍ദ്ദിഷ്ട നാണയമൂല്യം ഇല്ലാതാക്കല്‍ പരിപാടി പക്ഷെ ഇന്ത്യയുടെ നടപടിയില്‍നിന്ന് വ്യത്യസ്തമായിരിക്കും. കാരണം ഇത് പാക്ക് കറന്‍സി ശക്തിപ്പെടുത്താനുള്ള ഒരൊറ്റ നടപടി മാത്രമാണ് ഉദ്ദേശിക്കുന്നത്. രൂപയുടെ വന്‍തോതിലുള്ള വിനിമയം നാണ്യപ്പെരുപ്പത്തിന്റെയും ബാങ്കുകളില്‍ പണം കുറയുന്നതിന്റെയും സൂചനയാണ്.
രൂപകള്‍ നവീകരിക്കാനുള്ള ഇന്ത്യന്‍ നടപടി കള്ളപ്പണവും സമാന്തര സമ്പദ്‌വ്യവസ്ഥയും ഇല്ലായ്മ ചെയ്യാനുള്ളതാണ്. ഇത് വിജയിക്കുന്നപക്ഷം ബാങ്കുകളില്‍ കൂടുതല്‍ ഫണ്ടെത്തും. പണനിക്ഷേപ നിരക്കിന്റെ അനുപാതം എത്രയാവുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ നടപടിയുടെ വിജയം. സ്വര്‍ണം ഇറക്കുമതിയിലും ഭൂമികച്ചവടത്തിലും ഇത് പ്രതിഫലിക്കുകയും ചെയ്യും. ബാങ്കുകളില്‍ പണമായും സ്വര്‍ണത്തിന്റെ രൂപത്തിലും വിദേശനിക്ഷേപത്തിന്റെ രൂപത്തിലും നിര്‍മാണമേഖലയിലും മറ്റും കള്ളപ്പണം എത്തിക്കുന്നത് കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ്.
വികസ്വര രാഷ്ട്രങ്ങളുടെ തീരാശാപമാണ് കളളപ്പണം. ഇത്തരം വലിയ ധനശേഖരം രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ തകിടം മറിക്കുന്നു. ഇതുമൂലം നയരൂപീകരണം നിഷ്ഫലമാകുന്നു. മിക്ക വ്യവസായങ്ങളും നികുതി ശൃംഖലയ്ക്ക് പുറത്തായതിനാല്‍ വരുമാന വര്‍ധന പരിമിതമാകുന്നു. കുറ്റകൃത്യങ്ങളിലൂടെ എത്തുന്ന മലിനമായ പണത്തിന്റെ സാനിധ്യമാണ് ഇത് സൂചിപ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിന്റെ രണ്ടുമൂന്ന് ഘട്ടങ്ങളില്‍ നോട്ടുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ നേരെയാക്കാന്‍ ലക്ഷ്യമിട്ടുള്ള നയങ്ങളെല്ലാം രാഷ്ട്രീയവും ഭരണപരവുമായ കടമ്പകളില്‍ തട്ടി പരാജയപ്പെടുന്നു. പാക്കിസ്ഥാനില്‍ ഇത് തുടക്കംതന്നെ പാൡപ്പോയി.
പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 73 മുതല്‍ 91 ശതമാനംവരെ കളളപ്പണമാണെന്നാണ് പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സിലെ സാമ്പത്തിക വിദഗ്ദ്ധരായ കെമാലും ഖാസിമും വിലയിരുത്തുന്നത്.
നേരത്തെ 50-60 ശതമാനമെന്നായിരുന്നു വിലയിരുത്തല്‍. പണം നിക്ഷേപിക്കല്‍ ആനുപാതത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നു. ബാങ്ക് ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതോടെ ഇത് വീണ്ടും കൂടുമെന്നാണ് വിലയിരുത്തല്‍. മുപ്പത് ശതമാനംവരെ നിക്ഷേപ നിരക്ക് ഉയര്‍ന്നേക്കും. ഭാരതം കൈക്കൊണ്ടതുപോലെ ഒരു നടപടി കൈക്കൊണ്ടെങ്കില്‍ സമ്പദ്ഘടനയ്ക്ക് ഫലപ്രദമാകുകയും കളളപ്പണം വെളിച്ചത്ത് കൊണ്ടുവരാനും സാധ്യമാകുമായിരുന്നു.
ജനങ്ങളുടെ പ്രതീക്ഷയിലാണ് ഇതിന്റെ ഉത്തരം കുടികൊള്ളുന്നത്. സര്‍ക്കാരിന്റെ സമഗ്രവും സുസ്ഥിരവുമായ നടപടികളെ ആശ്രയിച്ചാണ് ഇത് നിലനില്‍ക്കുന്നത്. സമ്പദ്ഘടനയെ ശക്തമാക്കുന്നതിന്റെ ആദ്യപടിയാണ് കറന്‍സി നോട്ടുകള്‍ പിന്‍വലിക്കല്‍. വികസ്വര രാജ്യങ്ങളില്‍ ഇതിന്റെ ഗുണങ്ങള്‍ ലഭ്യമാകാന്‍ കുറച്ച് കാലതാമസമുണ്ടാകും. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ഓരോ ഘട്ടത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.
ഭാരതത്തിന്റെ ഇപ്പോഴത്തെ നടപടിയിലൂടെ ഹവാല ഇടപാടുകള്‍ക്ക് ഹ്രസ്വകാലത്തേക്ക് ആഘാതമുണ്ടാക്കാനായേക്കും. ഇതിനുപുറമെ ബാങ്കിംഗ് മേഖലയിലെ വിപുലീകരണത്തിനും നികുതി ഘടനയിലെ വിപുലീകരണത്തിനും സഹായിക്കും. അതേസമയം വരുമാന വര്‍ദ്ധനയും വായ്പാ പലിശ നിരക്ക് കുറയ്ക്കലും കളളപ്പണം വെളുപ്പിക്കല്‍ കുറയുന്നതുംപോലുള്ള ദീര്‍ഘകാല നേട്ടങ്ങളും ഇതിനുണ്ട്. പണപ്പെരുപ്പം പോലുളള സമ്മര്‍ദ്ദങ്ങളും താഴ്ന്ന വരുമാനക്കാര്‍ക്കും നിരക്ഷരര്‍ക്കും ബുദ്ധിമുട്ടുകളും ഇതുകൊണ്ട് ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.
പുതിയ നയം എത്രമാത്രം ഫലപ്രദമാണെന്നതിന്റെ സൂചനയാണ് പ്രതിഷേധങ്ങളുടെ കരുത്ത്. പ്രതിഷേധത്തിന്റെ കരുത്ത് കുറഞ്ഞാല്‍ അതിനര്‍ത്ഥം കളളപ്പണ മേഖലയ്ക്ക് പുതിയ പരിഷ്‌കാരങ്ങള്‍ വേഗത്തില്‍ മറികടക്കാനാകുമെന്ന് തന്നെയാണ്.
(കള്ളപ്പണത്തെയും ഭീകരവാദത്തെയും നേരിടാന്‍ രൂപകള്‍ നവീകരിച്ച നരേന്ദ്ര മോദിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് പാക്ക് പത്രമായ ‘ദി നേഷന്‍’ പ്രസിദ്ധീകരിച്ച ലേഖനം)