സ്‌പോട്‌സ് ഡെസ്‌ക്
മുംബൈ: ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം അഴിച്ചു വച്ചെങ്കിലും, ഐപിഎല്ലിൽ തന്റെ തന്ത്രങ്ങൾക്കു കുറവൊന്നും വന്നിട്ടില്ലെന്നു പൂനെ സൂപ്പർജെയിന്റ്‌സിന്റെ ഐപിഎൽ ഫൈനൽ പ്രവേശത്തോടെ മഹേന്ദ്രസിങ് ധോണി ഉറപ്പിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏഴാമത്തെ ഫൈനലിനാണ് ധോണി ഇത്തവണ ഇറങ്ങുന്നത്.
നൊടിയിടയിൽ ധോണി നേടിയ 40 റൺസാണ് പൂനെയുടെ പ്രകടനത്തിൽ നിർണായകമായത്. തകർപ്പൻ ബാറ്റിങിലൂടെ ടീമിന് ജയം സമ്മാനിച്ച ധോണി ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർക്കുന്നു. ഏഴാമത്തെ ഐപിഎൽ ഫൈനൽ കളിക്കാൻ പോകുന്ന ആദ്യ താരം എന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർകിങ്‌സ് ക്യാപ്റ്റൻ എന്ന നിലയിൽ 2008, 2010, 2011, 2012, 2013, 2015 വർഷങ്ങളിൽ ധോണി ഐപിഎൽ ഫൈനലിൽ കളിച്ചിരുന്നു. ഇതുവരെ ആറു ഐപിഎൽ ഫൈനലുകൾ കളിച്ചിരുന്ന ധോണി, റെയ്ന എന്നിവരുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇത്തവണ പൂനെയ്ക്ക് വേണ്ടി ധോണി ഫൈനലിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം ഐപിഎൽ കലാശപ്പോരിന് ഇറങ്ങിയ താരമെന്ന റെക്കോർഡ് ധോണിക്ക് മാത്രം സ്വന്തമാകും. കഴിഞ്ഞദിവസം മുംബൈയ്‌ക്കെതിരെ 26 പന്തിൽ 40 റൺസെടുത്താണ് ധോണി മിന്നിയത്. ആദ്യ ക്വാളിഫയർ റൗണ്ടിൽ മുംബൈ ഇന്ത്യൻസിനെ 20 റൺസിനാണ് റൈസിങ് പൂനെ സൂപ്പർജയന്റ് തോൽപ്പിച്ചത്.