സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയാണ് ഈ പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചത്. ഓണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും സാധിക്കുന്നു. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടുന്നതാണ്. സംസ്ഥാനത്ത് നിന്നും സ്ത്രീധനം തുടച്ചുമാറ്റുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വധുവിന്റെ കുടുംബം, വരനോ വരന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്ത്രീധനം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. സ്ത്രീധന ദുരിതബാധിതരായ സ്ത്രീകള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ കഴിയും.