ജംഗിള്‍ബുക്കിലെ മൗഗ്ലിയെ പോലെ ആരെങ്കിലും മുണ്ടാകുമോ….? എന്നാല്‍ അങ്ങിനെയൊരു മൗഗ്ലി കൊടുകാട്ടില്‍ ഉണ്ടെന്നാണ് ഈ കഥപറയുന്നത്. പത്തുവര്‍ഷത്തോളം ആഫ്രിക്കന്‍ കൊടുംകാടുകളില്‍ വളര്‍ന്ന ടിപ്പി ഡിഗ്രെയെന്ന പെണ്‍കുട്ടിയുടെ ജീവിതം. പുള്ളിപ്പുലികളുടെയും കാട്ടാനകളുടെയും നടുവില്‍ അവരുടെ അരുമയായി വളര്‍ന്ന പെണ്‍കുട്ടി.
ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍മാരായ സില്‍വി റോബര്‍ട്ടിന്റെയും അലന്‍ ഡിഗ്രെയുടെയും മകളാണ് ടിപ്പി. മറ്റു മാതാപിതാക്കളൊന്നും വന്യമൃഗങ്ങളുള്ള ഭാഗത്തേയ്ക്ക് മക്കളെ വിടാതിരിക്കുമ്പോള്‍ ടിപ്പിയുടെ അച്ഛനമ്മമാര്‍ അതിന് ധൈര്യം കാണിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ചുറ്റിയടിച്ച ടിപ്പി പതുക്കെ അവിടുത്തെ മൃഗങ്ങളുടെ കളിത്തോഴിയായി മാറുകയായിരുന്നു. റുദ്യാര്‍ദ് കിപ്ലിങ്ങിങ്ങിന്റെ ജംഗിള്‍ ബുക്ക് പോലെ ടിപ്പിയുടെ ജീവിതവും പുതിയ പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നു.
ടിപ്പി: മൈ ബുക്ക് ഓഫ് ആഫ്രിക്ക എന്ന പുസ്തകം ആ ജീവിതമാണ് തുറന്നുകാട്ടുന്നത്. തന്റെ ജീവിതത്തിലെ ആദ്യ പത്തുവര്‍ഷങ്ങള്‍ താനെങ്ങനെ കാട്ടാനകള്‍ക്കും പുലികള്‍ക്കും നടുവില്‍ ചെലവിട്ടുവെന്ന കഥയാണ് ടിപ്പി പറയുന്നത്..കാട്ടാനകള്‍ മുതല്‍ വിഷപ്പാമ്പുകള്‍ വരെയുള്ള വന്യജീവികള്‍ക്കൊപ്പം അവരിലൊരാളായി നടന്ന ടിപ്പിയുടെ സ്തംഭിപ്പിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് സില്‍വിയും അലനുമാണ്.
പെന്‍ഗ്വിനുകള്‍ക്കൊപ്പമുള്ള ടിപ്പിയുടെ ചിത്രങ്ങളും ഈ പുസ്തകത്തിലുണ്ട്.
വന്യമൃഗങ്ങള്‍ മാത്രമല്ല, ആഫ്രിക്കന്‍ വനാന്തരങ്ങളിലെ സാന്‍ ബുഷ്മാന്മാരെപ്പോലുള്ള ആദിവാസികളും ടിപ്പിയുടെ സുഹൃത്തുക്കളാണ്. നമീബിയയിലെയും ബോട്സ്വാനയിലെയും കാടുകളില്‍ അവിടുത്തെ ആദിവാസികള്‍ക്കൊപ്പം അവരുടെ ജീവിതചര്യ ശീലിച്ചുകൂടിയാണ് ടിപ്പി വളര്‍ന്നത്. മൗഗ്ലി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെങ്കില്‍, ടിപ്പി യഥാര്‍ത ജീവിതത്തില്‍ മൗഗ്ലിയെ അതിശയിപ്പിക്കുന്ന ജീവിതത്തിനുടമയാണ്.