അര്‍ജ്ജുനായി തെരച്ചിൽ ഒൻപതാം നാളിലേക്ക് ! ഇന്ന് ഐബോഡ് എത്തിച്ച് കര-നാവിക സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരും

തിരുവനന്തപുരം: ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍ർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. അർജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്കാനർ ഇന്ന് ഷിരൂരിലെത്തിക്കും. കഴിഞ്ഞവർഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. സൈനിക ആവശ്യങ്ങൾക്ക് വേണ്ടി ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് ഈ സംവിധാനം നിർമ്മിച്ചിരിക്കുന്നത്.

ഡ്രോൺ സംവിധാനത്തിൽ സ്കാനർ ഘടിപ്പിച്ചാണ് പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തിൽ പരിശോധന നടത്താവുന്ന രണ്ട് സ്കാനറുകളുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കളെ കൃത്യമായി കണ്ടെത്താൻ സാധിക്കുന്നുവെന്നതാണ് നേട്ടം. മനുഷ്യ ശരീരത്തിൻ്റെ സാന്നിധ്യം വേർതിരിച്ച് അറിയാൻ പറ്റുന്ന സാങ്കേതികവിദ്യയാണിത്. രണ്ട് കിലോമീറ്റർ അധികം റേഞ്ച് ഉള്ള ഡ്രോൺ സംവിധാനമാണ്. വിജയകരമായി പരിശോധനകൾ നടത്തിയ പരിചയവും റേഡിയോ ഫ്രീക്വൻസി സ്കാനറിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര, നാവിക സേനകൾ ചേര്‍ന്ന് തെരച്ചിൽ നടത്തും. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത്‌ സിഗ്നൽ കിട്ടിയിരുന്നു. പുഴയിൽ ആഴത്തിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാൽ ദൗത്യത്തിന്റെ ഭാഗമാകും. നോയിഡയിൽ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. നദിയിൽ അടിയോഴുക്ക് ശക്തമായതിനാൽ ഇന്നലെ സ്‌കൂബ ഡ്രൈവർമാർക്ക് കാര്യമായി തെരച്ചിൽ നടത്താൻ ആയിരുന്നില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

Top