തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ടു നിന്ന ബാര്‍ കോഴക്കേസില്‍ മാണിയുടെ രാജിയോടെ രാഷ്ട്രീയ അന്ത്യം സംഭവിച്ചു. കേസിലെ വില്ലനും നിര്‍മാതാവുമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതല്‍ ഒടുവില്‍ ഹൈക്കോടതി ജഡ്ജി കമാല്‍ പാഷ വരെ എത്തി നില്‍ക്കുന്നു ബാര്‍കോഴക്കേസിലെ കഥാപാത്രങ്ങളുടെ പട്ടിക. ബിജു രമേശ് കുപ്പിയില്‍ നിന്നും തുറന്നു വിട്ട ഭൂതം തകര്‍ത്തു കളഞ്ഞത് അന്‍പതു വര്‍ഷം നീണ്ടു നിന്ന മന്ത്രി കെ.എം മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ ജീവിതമാണ്.
ബിജു രമേശ്
തിരുവനന്തപുരത്തെ വെറും ബാര്‍ മുതലാളിയാരുന്ന ബിജു രമേശിന്റെ വാക്കുകള്‍ കൃത്യം ഒരു വര്‍ഷം മുന്‍പ് കേരളത്തെ വിഴുങ്ങാന്‍ വരുന്ന വലിയൊരു ഭൂതമായിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ ആഞ്ഞടിച്ച ബാര്‍ ഉടമ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ ബിജു രമേശ്, മന്ത്രി കെ.എം മാണിക്കു ഒരു കോടി രൂപ കോഴ നല്‍കിയെന്നു വെളിപ്പെടുത്തി. ഇതോടെ കേരളം ഒരു പൊട്ടിത്തെറിയിലേക്കു നീങ്ങുകയായിരുന്നു. ബിജു രമേശിന്റെ വെളിപ്പെടുത്തലോടെ ഇടതു മുന്നണിയും പ്രതിപക്ഷവും മാണിക്കെതിരെ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാതിയില്‍ വിജിലന്‍സ് ക്യുക്ക് വേരിഫിക്കേഷന്‍ ആരംഭിച്ചതോടെ കാര്യങ്ങള്‍ വലിഞ്ഞു മുറുകി. മാണിക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. കേസുമായി ബിജു രമേശ് മുന്നോട്ടു പോകുകയും കൃത്യമായി മാണിക്കെതിരെ തെളിവുകളുമായി ഹൈക്കോടതി വരെ പോകുകയും ചെയ്തു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
വി.എം സുധീരനെ കടത്തിവെട്ടാന്‍ യുഡിഎഫ് യോഗത്തില്‍ പ്രിന്റ് ചെയ്തു തയ്യാറാക്കിയ കത്തുമായി എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയുടെ ജീവിതത്തിനും രാഷ്ട്രീയത്തിനും കൂടി അന്ത്യം തയ്യാറാക്കിയ കുറുപ്പടിയുമായാണ് എത്തിയത്. കെ.കരുണാകരനെ പോലും വരച്ചവരയില്‍ നിര്‍ത്തിയ ആര്‍.ബാലകൃഷ്ണപിള്ളയെ ഒതുക്കി മൂലക്കിയിരുത്തിയ ഉമ്മന്‍ചാണ്ടിയുടെ അടുത്ത ഇര മാണിയാണെന്നു തിരിച്ചറിയാന്‍ ബുധികൂര്‍മ്മതയുടെയും രാഷ്ട്രീയ കുതന്ത്രത്തിന്റെയും മൂര്‍ത്തിമത് ഭാവമെന്നു പാലായിലെയും കേരളത്തിലെയും ജനങ്ങള്‍ വിളിച്ചിരുന്ന കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ മന്ത്രി കെ.എം മാണിക്കു മനസിലാകാന്‍ വൈകിപ്പോയി. അപ്പോഴേയ്ക്കും മന്ത്രി സ്ഥാനം നഷ്ടമാകുന്ന സാഹചര്യം മുറുകിയിരുന്നു.
ഇടതു മുന്നണിയുമായി കൈകോര്‍ത്ത് മുഖ്യമന്ത്രിയാകാന്‍ മാണി കൊതിച്ചപ്പോള്‍ ബാര്‍ കോഴക്കേസ് മുഖ്യമന്ത്രിയുടെ ഒളിയമ്പായി എത്തിയതാണെന്നു കേരളത്തിലെ ഏതൊരു കൊച്ചു കുഞ്ഞിനും മനസിലാകും. വിദേശത്തെ പ്രവാസി വ്യവസായിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ തണലില്‍ ബിജു രമേശിനെ ഉപയോഗിച്ചു മുഖ്യമന്ത്രി നടത്തിയ രഹസ്യ നാടകമായിരുന്നു മന്ത്രി കെ.എം മാണിയെ ബാര്‍ കോഴക്കേസില്‍ കുടുക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയെ യുഡിഎഫിനുള്ളില്‍ തന്നെ തളച്ചിടുന്നതിനുള്ള തന്ത്രമാണ് വിജിലന്‍സ് കേസിലൂടെ ഒരുക്കിയത്. ഇത് വിജയിച്ചതിന്റെ തന്ത്രങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി മാണിയെ യുഡിഎഫിനുള്ളില്‍ തളച്ചിടുന്നതിനു പിന്നില്‍ മുഖ്യമന്ത്രിയെ കൊണ്ടു സാധിച്ചതും.
രമേശ് ചെന്നിത്തല
ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളെ ഒപ്പം നിന്നു പൊളിച്ചത് രമേശ് ചെന്നിത്തല എന്ന വിജിലന്‍സ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ്. കേസില്‍ കുടുക്കാതെ മന്ത്രി കെ.എം മാണിയെ രക്ഷിച്ചു പുറത്തെത്തിക്കാം എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തന്ത്രം. എന്നാല്‍, വിജിലന്‍സിനെ കെട്ടഴിച്ചു വിട്ട രമേശ് ചെന്നിത്തല അന്വേഷണത്തിലൂടെ മാണിയെ കുടുക്കാനുള്ള തെളിവുകള്‍ ശേഖരിച്ചു. ഒടുവില്‍ വിജിലന്‍സ് അന്വേഷണ സംഘം തെളിവുകള്‍ ശേഖരിച്ചു കുടുക്കു മുറുക്കിയതോടെ മുഖ്യമന്ത്രി തന്നെ നേരിട്ടു രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടറുടെ ഇടപെടലോടെ കേസ് ഒതുക്കാനായി ശ്രമം. പക്ഷേ, വിജലന്‍സ് കോടതിയും പിന്നാലെ ഹൈക്കോടതിയും ഇടപെട്ടതോടെ കൈവിട്ടു പോയി കോണ്‍ഗ്രസിന്റെ രക്ഷാ ദൗതത്യങ്ങളെല്ലാം.
വിഎസ് അച്യുതാനന്ദന്‍
വിജിലന്‍സ് കേസില്‍ കുടുങ്ങുന്ന രാഷ്ട്രീയക്കാരെ പിന്നാലെ നടന്നു വേട്ടയാടുന്ന കേരളത്തില്‍ തൊണ്ണൂറു കടന്ന യുവാവിന്റെ കരുത്തില്‍ വീഴുന്ന മറ്റൊരു രാ്ഷ്ട്രീയ നേതാവ് കൂടി. ആ തൊണ്ണൂറിന്റെ ചെറുപ്പവുമായി കേരളത്തില്‍ മണ്ണില്‍ കുതിച്ചു പായുന്ന ആ യാഗാശ്വം മറ്റാരുമായിരുന്നില്ല കേരളത്തിലെ യുവാക്കളുടെയും യുവ കമ്മ്യൂണിസ്റ്റുകളുടെയും ഇപ്പോഴത്തെയും എപ്പോഴത്തെയും ആവേശമായ വി.എസ് എന്ന രണ്ടക്ഷരത്തില്‍ തിളങ്ങി നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിക്കെതിരായ ആരോപണം ഉയര്‍ന്നപ്പോള്‍ ആദ്യം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയ വിഎസ് മാണിയെ പിന്നാലെ വിടാതെ പിടൂകുടുകയായിരുന്നു. വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും എത്തിയ വിഎസ് മാണിക്കെതിരെ കിട്ടിയ അവസരത്തിലെല്ലാം അമ്പെയ്തു. ബാര്‍ കോഴയില്‍ കുടുങ്ങി മാണി രാജി വച്ചപ്പോള്‍ ഒരിക്കല്‍ കൂടി വിഎസ് ചിരിച്ചു. വിജയത്തിന്റെ പോരാട്ടത്തിന്റെ കനല്‍ വീഥികള്‍ കടന്നെത്തിയ ആ മുഖത്ത് മറ്റൊരു വിജയത്തിന്റെ പുഞ്ചിരി.
കമാല്‍ പാഷ
കേരളം ഉറ്റു നോക്കിയ കേസ്.. അന്‍പതു വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം പിച്ചിച്ചീന്താന്‍ പര്യാപ്തമായ വിധി. ബാര്‍ കോഴക്കേസില്‍ വിധി പ്രസ്താവം നടത്തുമ്പോള്‍ ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയുടെ പേനതുമ്പിലായിരുന്നു കേരള രാഷ്ട്രീയവും അന്‍പതു വര്‍ഷം നീണ്ടു നിന്ന കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതവും. ഒരൊറ്റ മഷിതുണ്ട് കൊണ്ട് കമാല്‍ പാഷ കോറിയിട്ടത് മാണിയുടെ രാഷ്ട്രീയ ജീവിത്തിന്റെ അവസാന സീനിലെ തിരക്കഥയായിരുന്നു. പ്രായം അതിന്റെ അന്തിമഘട്ടത്തിലേയ്ക്കു എത്തിയ കെ.എം മാണി ഇപ്പോള്‍ അതിജീവിക്കുന്നത് രാഷ്ട്രീയ ജീവിത്തില്‍ ഇതുവരെ അനുഭവിക്കാത്ത ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ്. അതുകൊണ്ടു തന്നെ ഇനി ഒരു മടങ്ങിവരവ് കെ.എം മാണിക്കു സാധിക്കില്ല. ഈ മടങ്ങിവരവിനു ചുവപ്പു വരയിട്ടു പടിക്കു പുറത്തു നിര്‍ത്തി എന്നതാണ് ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയുടെ ഏറ്റവും വലിയ ചരിത്രം. രാഷ്ട്രീയ അതികായനെ അരിഞ്ഞു വീഴ്ത്താന്‍ പര്യാപ്തമായിരുന്നു പാഷയുടെ പേനയില്‍ നിന്നുയര്‍ന്നു വീണ വാക്കുകള്‍ – സീസറുടെ ഭാര്യ സംശയത്തിനു അതീതയായിരിക്കണം.
എസ്പി സുകേശന്‍
മാണിയെ കുടുക്കാതെ വേദനിപ്പിക്കാതെ അഴിച്ചു വിടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥയിലെ ട്വിസ്റ്റായിരുന്നു കണ്‍ഫേഡ് ഐപിഎസ് ഉദ്യോഗസ്ഥനായ എസ്പി സുകേശന്‍. വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനും, ഡയറക്ടര്‍ വിന്‍സന്‍ എം പോളിനുമൊപ്പം ധൈര്യപൂര്‍വം സുകേശന്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് മാണിയുടെ വിധിയെഴുതി.