സിനിമാ ഡെസ്‌ക്
കൊച്ചി: മലയാള സിനിമയിൽ വീണ്ടും താരാധിപത്യം പിടിമുറുക്കുന്നതായി സൂചനകൾ. ഇടക്കാലത്ത് മലയാളത്തിലെ സൂപ്പർതാരങ്ങളുടെ അധിനിവേശം ഒന്ന് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ സൂപ്പർ താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി തുടരുന്നതായാണ് പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചന. മുൻ ഭർത്താവും സൂപ്പർതാരവുമായ ദിലീപിന്റെ ഇടപെടലിനെ തുടർന്നു സിനിമാ താരം മഞ്ജു വാര്യരെ അടുത്തിടെ രണ്ടു സിനിമകളിൽ നിന്നും ഒഴിവാക്കിയെന്ന വാർത്തകളാണ് രണ്ടു ദിവസമായി പ്രചരിക്കുന്നത്. മഞ്ജു നായികയായാൽ സിനിമ റിലീസ് ചെയ്യാൻ തീയറ്ററുകൾ നൽകില്ലെന്ന ഭീഷണിയെ തുടർന്നാണ് നിർമാതാവ് ചിത്രത്തിൽ നിന്നും മഞ്ജുവിനെ ഒഴിവാക്കാൻ തയ്യാറായതെന്നാണ് ലഭിക്കുന്ന സൂചനകൾ. മലയാളത്തിലെ തീയറ്റർ ഉടമകളുടെ സംഘടനയുടെ നിയന്ത്രണം അടുത്തിടെയാണ് ദിലീപ് സ്വന്തമാക്കിയത്.
കമലാ സുരയ്യയുടെ ജീവിതം പറയുന്ന കമൽചിത്രമായ ആമി, ബി.ഉണ്ണികൃഷ്ണന്റെ മോഹൻലാൽചിത്രം വില്ലൻ, വി.എ ശ്രീകുമാർ മേനോന്റെ ഒടിയൻ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം നടത്തുകയാണ് ഇപ്പോൾ മഞ്ജു. ഇതിനിടെയാണ് മഞ്ജുവിനെ നായികയായി തിരഞ്ഞെടുത്തിരുന്ന രണ്ടു ചിത്രങ്ങളിൽ നിന്നും ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. പ്രമുഖ യുവസംവിധായകൻ പുതിയതിരക്കഥയിൽ തയ്യാറാക്കിയ ചിത്രത്തിൽ നായകാപ്രാധാന്യമുള്ള വേഷമാണ് മഞ്ജുവിനായി ഒരുക്കിയിരുന്നത്. മഞ്ജുവിനെ മാത്രം ലക്ഷ്യമിട്ടാണ് ഇദ്ദേഹം സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് മഞ്ജുനായികയായാൽ താൻ പണം മുടക്കില്ലെന്ന ഭീഷണിയുമായി നിർമാതാവ് എത്തിയത്. ഇതോടെ ഇവർ ചിത്രത്തിൽ നിന്നും മഞ്ജുവിനെ ഒഴിവാക്കാൻ നിർബന്ധിതരാകുകയായിരുന്നു.
സിനിമാ സമരത്തെ തുടർന്നു തീയറ്റർ ഉടമകളുടെ സംഘടനയുടെ നിയന്ത്രണം ലിബർട്ടി ബഷീർ അടക്കമുള്ളവരിൽ നിന്നും ദിലീപ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മഞ്ജുവാര്യരെ സിനിമയിൽ നിന്നു പുറത്താക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.