തീയറ്ററുകളും നിർമ്മാതാക്കളും വിതരണക്കാരും പോക്കറ്റിൽ: അമ്മയുടെ രഹസ്യങ്ങളെല്ലാം കയ്യിൽ: ദിലീപിനെ ഭയന്ന് സൂപ്പർ – മെഗാ താരങ്ങൾ

സിനിമാ ഡെസ്‌ക്

കൊച്ചി:സിനിമയിലെ സമസ്ത മേഖലകളിലും പിടിമുറുക്കിയ ജനപ്രിയ നായകൻ ദിലീപിനെ ഭയന്ന് മലയാള സിനിമാ ലോകം. മലയാളത്തിലെ മെഗാസ്റ്റാറും സൂപ്പർ സ്റ്റാറും പോലും ദിലീപിനെ ഭയക്കുന്നതായാണ് റിപ്പോർട്ടുകൾ. സിനിമാ രംഗത്തെ സമസ്ത മേഖലകളിലും ദിലീപ് ഇതിനോടകം പിടിമുറുക്കി കഴിഞ്ഞിട്ടുണ്ട്. ഇതിനെല്ലാം കൂട്ടു നിന്നവരാണ് ഇപ്പോൾ ദിലീപിനെ ഭയന്നു നിൽക്കുന്ന സൂപ്പർ മെഗാ താരങ്ങൾ. നിർമ്മാതാക്കളുടെ സംഘടനയിൽ ദിലീപിന്റെ സഹോദരൻ അനൂപും, ബിനാമി ഇടപാടുകാരനായ നിർമാതാവും ഇടം പിടിച്ചിട്ടുണ്ട്. വിതരണക്കാരുടെ സംഘടനയെ പൊളിച്ചടുക്കി ലിബർ ബഷീറിന്റെ കയ്യിൽ നിന്നു തീയറ്റർ ഉടമകളെ മോചിപ്പിച്ച് സ്വന്തം നിലയിൽ സംഘടന തുടങ്ങുകയും ചെയ്തു. ഇതോടെ സൂപ്പർ മെഗാ താരങ്ങൾ അടക്കം ഇവരുടെ പിടിയിലായി. ദിലീപ് വിചാരിച്ചാൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പൊളിച്ചടുക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ പ്രധാന ഭയം.
സിനിമയിലെ എല്ലാ മേഖലകളിലും ഇപ്പോൾ ദിലീപിന്റെ സാന്നിധ്യമുണ്ട്. നിർമാതാക്കളുടെ സംഘടനയുടെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ ഇപ്പോൾ മലയാള സിനിമ നിർമിക്കാൻ കഴിയൂ. ഈ സംഘടനയിൽ ദിലീപിനു നിർണ്ണായകമായ സ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ ദിലീപിനെ പിണക്കി മലയാള സിനിമാ മേഖലയിൽ പിടിച്ചു നിൽക്കാനാവില്ലെന്നു സൂപ്പർ താരങ്ങൾ അടക്കമുള്ളവർക്കു വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപിനെ പിണക്കാതെ തന്നെ മുന്നോട്ടു പോകാൻ ഇവർ തയ്യാറായിരിക്കുന്നത്.
താര സംഘടന എന്നു പേരുണ്ടെങ്കിലും തലപ്പത്തിരിക്കുന്ന ഒരു വിഭാഗത്തിന്റെ കയ്യിലാണ് അമ്മയുടെ ഇടപാടുകളെല്ലാം. ഈ ഇടപാടുകളെല്ലാം ദിലീപിനു കൃത്യമായി അറിയുകയും ചെയ്യാം. പലസിനിമാ താരങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കുന്നത് അമ്മ ഇടയ്ക്കിടെ നടത്തുന്ന സ്റ്റേജ് ഷോകളിലൂടെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും മറവിലാണ്. അതുകൊണ്ടു തന്നെ മലയാളത്തിലെ സൂപ്പർ മെഗാ താരങ്ങൾ ആരും തന്നെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ദിലീപിനു ഒപ്പം നിൽക്കുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top