മോഷണം കൊണ്ടു മാത്രം കോടീശ്വരനായ മോഷ്ടാവ്; കള്ളന്റെ വീടുകണ്ട് പൊലീസ് ഞെട്ടി

ക്രൈം ഡെസ്‌ക്

പാലക്കാട്: നഗരത്തിൽ പട്ടാപ്പകൽ ജുവലറിയിൽനിന്ന് 55 പവൻ കവർന്ന സംഭവത്തിൽ പ്രതികളെ തേടി മഹാരാഷ്ട്രയിലെത്തിയ അന്വേഷണ സംഘം പ്രതികളിലൊരാളുടെ വീടു കണ്ടു ഞെട്ടി. ഗവ്‌റായ് മേഖലയിലെ സജ്ജയ നഗർ എന്ന ചേരിപ്രദേശത്ത് തകരംകൊണ്ട് മറച്ചതും മേഞ്ഞതുമായ വീടുകൾക്കിടയിൽ തലയെടുത്തു നിൽക്കുന്ന ഇരുനില വീട് കേസിലെ മുഖ്യപ്രതികളിലൊരാളായ വൈശാലി ഷിൻഡേ(30)യുടേതായിരുന്നു. 2,000 ചതുരശ്രഅടിയിലധികം വിസ്തീർണമുള്ള വീട്ടിൽ നക്ഷത്രഹോട്ടലുകളിലേതുപോലുള്ള സൗകര്യത്തിലാണ് കിടപ്പുമുറി ഒരുക്കിയിരുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന പാത്രങ്ങൾ അടുക്കിവെച്ചിരുന്നു.
ഒരിക്കൽ പോലും ഉപയോഗിക്കാത്ത പുതിയ വസ്ത്രങ്ങളുടെ വൻശേഖരവും വീട്ടിൽ ഉണ്ടായിരുന്നു. രണ്ടുകാറുകളും ഇവർക്കുണ്ട്. ഗവ്‌റായ് പോലീസിന്റെ സഹായത്തോടെ ഇവിടെ നടത്തിയ പരിശോധനയിൽ ഒരു നാടൻ കൈത്തോക്കും രണ്ടുവാളും ഒരു കത്തിയും കണ്ടെടുത്തിരുന്നു. ഇവ ഗവ്‌റായ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
കേസിൽ വൈശാലിക്കു പുറമെ സുലോചന(70), രാഹുൽ ഷേരു ബോസ്‌ലെ(21) എന്നിവരെയും രണ്ടുപ്രായപൂർത്തിയാകാത്ത കുട്ടികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇനിയും രണ്ടുപേരെകൂടി പിടികൂടാനുണ്ട്. മഹാരാഷ്ട്രയിൽ കാര്യമായ മോഷണങ്ങൾക്ക് മുതിരാത്തതിനാൽ ഇവർ മോഷണ സംഘങ്ങളാണെന്ന് വ്യക്തമായി അറിയുമെങ്കിലും അവിടത്തെ പോലീസ് കാര്യമായ നടപടികളെടുക്കാറില്ല. മോഷ്ടിച്ചു കൊണ്ടുവരുന്ന സ്വർണം മറിച്ചുവിൽക്കാൻ മാത്രമായി അവിടെ ചെറിയ സ്വർണക്കടകൾ നിരവധി പ്രവർത്തിക്കുന്നുണ്ട്. സംഭവദിവസം മോഷ്ടാക്കൾ സഞ്ചരിച്ച ഡസ്റ്റർ കാറിനു പുറമെ മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ഇൻഡിക്ക കാറും അതിർത്തി കടന്നത് ടോൾ ബൂത്തിലെ കാമറയിൽ പതിഞ്ഞിരുന്നു. ഡസ്റ്റർ കാർ വാളയാറിലെ ടോൾ ബൂത്ത് കടന്നതിനു പിന്നാലെ മൂന്നു മിനുറ്റ് വ്യത്യാസത്തിലാണ് ഇൻഡിക്ക പോയത്. ഇതേവണ്ടികൾ ഒരു മിനുറ്റ് വ്യത്യാസത്തിൽ സേലത്തെ ഒരു ടോൾബൂത്തിൽ ആറ്, ഏഴ് ലൈനുകളിലൂടെ പോയതും അന്വേഷണ സംഘം കണ്ടെത്തി.
നൂറുകിലോമീറ്റർ കൂടി പിന്നിട്ടപ്പോൾ ഇരുവാഹനങ്ങളും തമ്മിലുള്ള സമയവ്യത്യാസം 45 മിനിട്ടായി. ഇൻഡിക്ക കാർ തൃശൂരിൽനിന്നും പോയതാണെന്നും നാഗ്പൂർ സ്വദേശിയുടേതാണെന്നും വ്യക്തമായതോടെ അന്വേഷണ സംഘം ഡസ്റ്റർ കാറിനെ മാത്രം കേന്ദ്രീകരിച്ചു. ഈ കാർ ഇനിയും കണ്ടെത്താനായിട്ടില്ല.
കാർ ഓടിച്ചിരുന്ന ശ്യാമിനെയും സ്വർണമടങ്ങിയ പെട്ടി എടുത്ത ഹീനയെയുമാണ് ഇനി പിടികൂടാനുള്ളത്. ഹീനയുടെ പേരിൽ ഏഴു കേസ് മഹാരാഷ്ട്രയിലുണ്ടെന്നാണ് വിവരം. രാഹുലിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ കേസുണ്ട്. വൈശാലിക്ക് ആന്ധ്രപ്രദേശ്, പഞ്ചാബ്, കർണ്ണാടക സംസ്ഥാനങ്ങളിൽ കേസുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top