
സ്വന്തം ലേഖകൻ
തലശേരി: മുഖ്യമന്ത്രിയുടെ നാട്ടിൽ മോഷ്ടാവെന്നു സംശയിച്ചു പൊലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി പൊലീസീന്റെ ക്രൂരമർദനമേറ്റു കൊല്ലപ്പെട്ടു. നാട്ടുകാർ പിടികൂടി കൈമാറിയ തമിഴ്‌നാട് സ്വദേശിയെ ചോദ്യം ചെയ്യുന്നതിനിടെ പൊലീസുകാർ സംഘം ചേർന്നു മർദിക്കുകയായ്രുന്നു എന്നാണ് പരാതി. സേലം സ്വദേശി കാളിമുത്തുവിനെ ഇന്ന് രാവിലെ സ്റ്റേഷനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇയാളെ പൊലീസ് മർദിച്ചിട്ടില്ലെന്നും, കസ്റ്റഡിയിലെടുക്കും മുൻപ് നാട്ടുകാരിൽ നിന്ന് സാരമായ മർദനമേറ്റിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷ്ടാക്കളെന്ന് സംശയിച്ച് കാളിമുത്തുവിനെയും ഒപ്പമുള്ള രാജു എന്നയാളെയും ടെംപിൾ ഗേറ്റിന് സമീപം വെച്ച് നാട്ടുകാർ പിടികൂടുന്നത്. ശേഷം പൊലീസിലേൽപ്പിച്ച ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സ്റ്റേഷനുള്ളിൽ അനക്കമറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്.
പൊലീസ് കസ്റ്റഡിയിലെടുക്കും മുൻപേ ഇയാലെ നാട്ടുകാർ മർദിച്ചിട്ടുണ്ടെന്നും ഇത് ആരും അറിയിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവർ വൈദ്യസഹായം ആവശ്യപ്പെട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. പക്ഷെ കസ്റ്റഡിയിലെടുത്തയാളെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതിലും കേസ് പരിശോധിച്ച് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിലും പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് വ്യക്തം.
സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തലശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം മുൻപ് മോഷണമോ മറ്റ് തരത്തിലുള്ള കേസുകളിലോ ഉൾപ്പെട്ടവരല്ല തലശേരിയിലും പരിസര പ്രദേശങ്ങളിലും ദീർഘനാളായി കഴിയുന്ന രാജുവും കൊല്ലപ്പെട്ട കാളിമുത്തുവും. ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്നവരാണിവർ. കാളി മുത്തുവിനൊപ്പം പരിക്കേറ്റ രാജുവിനെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.