മകന്റെ സുഹൃത്തിനൊപ്പം കറങ്ങി നടന്ന് മോഷണം നടത്തുന്ന അമ്മ: പിടിയിലായത് സംസ്ഥാനം മുഴുവൻ വേരുകളുള്ള മോഷണ സംഘം

ക്രൈം ഡെസ്‌ക്

പത്തനംതിട്ട: നാരങ്ങാനത്തെ അടച്ചിട്ട വീട്ടിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ യുവാവും യുവതിയും നിരവധി മോഷണക്കേസുകളിൽ പ്രതികളെന്നു പോലീസ്. റാന്നി തെക്കേപ്പുറം ബ്ലോക്ക് പടിക്ക് സമീപം ലളിതമ്മയുടെ മകൾ ലത ( സുമ 40), വടശേരിക്കര മുള്ളൻപാറയിൽ അനീഷ് ബി. നായർ (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാരങ്ങാനത്ത് ആൾപ്പാർപ്പില്ലാത്ത, അയിരൂർ, കോറ്റാത്തൂർ ഫെഡറൽ ബാങ്ക് ശാഖ, വടശേരിക്കര എസ്ബിഡി എടിഎം, വടശേരിക്കര ജില്ലാ ബാങ്ക് ശാഖ, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം, ഇടമുറി റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രം, പുതുക്കുളം, ചെറുകോൽപ്പുഴ ക്ഷേത്രങ്ങൾ എന്നിങ്ങനെ ജില്ലയിലും പുറത്തുമായി 50 ഓളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറയുന്നു.
സമീപകാലത്തു ജില്ലയിൽ നടന്ന മോഷണവും മോഷണശ്രമങ്ങളുമെല്ലാം ഇരുവരുടെയും സംഘമാണ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.നേരത്തേ വിവാഹിതയായ ലത ഇവരുടെ മകന്റെ സുഹൃത്തായ അനീഷിനോടൊപ്പമാണ് മിക്ക മോഷണങ്ങളും നടത്തിയത്. എന്നാൽ ഇതിൽ നിന്നൊന്നും കാര്യമായ സാമ്പത്തിക നേട്ടം പ്രതികൾക്കുണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു. കോറ്റാത്തൂർ ബാങ്കിന്റെ ജനൽകമ്പി മുറിച്ച് അകത്തുകടന്ന ഇവർക്ക് സ്‌ട്രോംഗ് റൂം തുറക്കാൻ കഴിഞ്ഞിരുന്നല്ല. ഇവിടുത്തെ സിസി ടിവിയിൽ ഇവരുടെ രൂപം തെളിയുകയും ചെയ്തിരുന്നു. ബാങ്കിനുള്ളിൽ മുളകുപൊടി വിതറി അന്വേഷണം വഴിതിരിച്ചുവിടാൻ മാത്രമാണ് ഇവർക്ക് കഴിഞ്ഞത്. വടശേരിക്കരയിലെ ജില്ലാബാങ്ക് ശാഖയിലാകട്ടെ സ്‌ട്രോംഗ് റൂമിന്റെ അടുത്തെത്താനെ ഇവർക്ക് കഴിഞ്ഞുള്ളൂ. എസ്ബിടി എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
കീക്കൊഴൂർ ചെറുവള്ളിക്കാവ് ക്ഷേത്രത്തിൽ നിന്നും 10000 രൂപയോളം ലഭിച്ചു. മറ്റിടങ്ങളിൽനിന്നെല്ലാം ചെറിയ തുക മാത്രമാണ് ഇവർക്ക് ലഭിച്ചത്. പലയിടത്തും ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.നാരങ്ങാനം ചാന്തിരത്തിൽപടി ശ്രീനിലയത്തിൽ സി.ആർ മനോജിന്റെ ആൾതാമസമില്ലാത്ത വീട്ടിൽ അർധരാത്രിയിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ അതുവഴി എത്തിയ പോലീസിനെ കണ്ട് ഓടി മറയുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ ഉപേക്ഷിച്ചാണ് ഓടിമറഞ്ഞത്. കാറിൽ നിന്നും ഇവരുടെ തിരിച്ചറിയൽ രേഖ, ലൈസൻസ് എന്നിവ കണ്ടെടുക്കുകയും ചെയ്തു. കാറിൽ നിന്ന് യുവതിയുടെ ഒരു ജോഡി ചെരിപ്പുകൾ കൂടി കണ്ടെത്തിയതോടെ സംഘത്തെ സംബന്ധിച്ച സൂചനകൾ പോലീസിനു വേഗത്തിൽ ലഭിച്ചു.
ആറന്മുള എസ്‌ഐ അശ്വിത് എസ്. കാരാൺമയിലും സംഘവും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികളെ സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ജില്ലയിൽ സമീപകാലത്തു നടന്ന ബാങ്ക്, എടിഎം കവർച്ചാശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചേർത്താണ് അന്വേഷണം നടത്തിയത്. പല കേസുകളിലും സമാനതകൾ കണ്ടതോടെ നാരങ്ങാനത്തെ കേസിൽ തിരിച്ചറിഞ്ഞവരിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു. വടശേരിക്കര എസ്ബിടി എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചത് അനീഷ് തനിച്ചാണെന്നാണ് വിവരം. എന്നാൽ കോറ്റാത്തൂർ ബാങ്ക് ശാഖ കെട്ടിടം പൊളിക്കാനെത്തിയപ്പോൾ ലതയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. റിമാൻഡിലായവരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് അപേക്ഷ നൽകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top