തേനിയിലെ കാട്ടുതീ: ദുരന്തത്തിന് കാരണം അധികാരികളുടെ കെടുകാര്യസ്ഥത; വസ്ത്രങ്ങളെല്ലാം കത്തി പാതിവെന്ത ശരീരവുമായി അവര്‍ വെള്ളത്തിനായി കേണു

തമിഴ്‌നാട്- കേരള അതിര്‍ത്തിയില്‍ കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ ട്രക്കിങ്ങിന് പോയവര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്. നാല്‍പ്പതോളം പേര്‍ ജീവനുവേണ്ടി മല്ലടിക്കുമ്പോള്‍ വാര്‍ത്തയറിഞ്ഞിട്ടും വേണ്ട രീതിയില്‍ അധികാരികള്‍ പ്രതികരിക്കാത്തതാണ് ദുരന്തമുണ്ടാകാന്‍ കാരണം. തേനി ഠൗണില്‍ തന്നെ നടന്ന ഉപമുഖ്യമന്ത്രി പനിനീര്‍ സെല്‍വത്തിന്റെ മകന്റെ രാഷ്ട്രീയ പ്രവേശന ചടങ്ങാണ് അധികാരികളുടെ ഇടപെടലുകള്‍ വൈകിച്ചത്.

പ്രാണന്‍ കാക്കാന്‍ കാട്ടുതീയുമായി ആള്‍ക്കാര്‍ മല്ലടിക്കുമ്പോള്‍ അവിടെ നിന്ന് വിളിപ്പാടകലെയുള്ള തേനി ടൗണില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ രവീന്ദ്രനാഥിനെ രാഷ്ട്രീയ നേതാവായി വാഴിക്കുന്ന ചടങ്ങ് ആഘോഷിക്കുകയായിരുന്നു. അതിനിടെ കേട്ട വാര്‍ത്ത ഭരണകൂടം കാര്യമാക്കാഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

7070 പാവപ്പെട്ടവര്‍ക്ക് ആട്, മാട്, കോഴി ഉള്‍പ്പെടെ ഉപഹാരങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയതോടെ ക്രമസമാധാന നില തകരാതെ കാക്കാന്‍ ജില്ലാ പൊലീസ് മേധാവിയും കളക്ടറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും തേനിയിലെത്തിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എഴുപതാം ജന്മദിനാചരണത്തോടനുബന്ധിച്ചാണ് 70 ന് പ്രാധാന്യം നല്‍കി 7070 പേരെ ആനുകൂല്യത്തിന് തിരഞ്ഞെടുത്തത്.

വൈകിട്ട് അഞ്ച് മുതലായിരുന്നു മന്ത്രി പുത്രന്റെ കിരീടധാരണ’ ചടങ്ങ്. ജയലളിത ജീവിച്ചിരുന്ന കാലത്ത് യുവജനവിഭാഗം നേതാവായിരുന്ന രവീന്ദ്രനാഥിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയിരുന്നു. മന്ത്രിമാരായ ആര്‍.ബി. ഉദയകുമാര്‍, ദിണ്ഡുക്കല്‍ സി. ശ്രീനിവാസന്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കൊരങ്ങിണി മലയില്‍ ദുരന്തമുണ്ടായത്. ദുരന്തവാര്‍ത്ത താഴ്‌വരയില്‍ എത്തിയതാകട്ടെ തേനിയിലെ ചടങ്ങ് നടക്കുന്ന അതേ സമയത്തും.

വസ്ത്രങ്ങളെല്ലാം കത്തി പാതിവെന്ത ശരീരവുമായി ജീവനുവേണ്ടി പിടയുന്ന യുവതീ യുവാക്കള്‍ ആള്‍പ്പെരുമാറ്റം കേട്ടതോടെ ആര്‍ത്തിയോടെ ചോദിച്ചത് കുടിവെള്ളമാണ്. എന്നാല്‍ മലമുകളിലേക്ക് പാഞ്ഞവര്‍ കുടിവെള്ളമുള്‍പ്പെടെ ഒന്നും കരുതിയിരുന്നില്ല. വിവരം അറിഞ്ഞ് ആദ്യം രക്ഷാപ്രവര്‍ത്തകരായി എത്തിയത് കൊളുക്കുമലയിലെ തൊഴിലാളികളും സ്ഥലവാസിയായ കരസേന ഉദ്യോഗസ്ഥനുമാണ്. ഇവര്‍ കണ്ട കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. അത് ഇവരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോഴാണ് സംഭവത്തിന്റെ ഭീകരത ലോകം അറിഞ്ഞത്.

ഇതോടെ കൊരങ്ങിണിയുടെ താഴ്‌വരയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ കുടിവെള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു. 10 പേരെ ജീവനോടെ രക്ഷിച്ച് ആശുപത്രികളില്‍ എത്തിച്ചത് നാട്ടുകാരാണ്. സ്ഥിതിഗതികള്‍ ഇത്രയേറെ ഗുരുതരമാണെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് കളക്ടര്‍, ജില്ല പൊലീസ് മേധാവി, ഡി.എഫ്.ഒ എന്നിവര്‍ സ്ഥലത്തെത്തിയത്. എന്നിട്ടും രാത്രി 10ന് തേനിയിലെ ചടങ്ങ് അവസാനിക്കുന്നതുവരെ മന്ത്രിമാരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനോ കുടിവെള്ളം എത്തിക്കാനോ ആയിരുന്നെങ്കില്‍ ഒരുപക്ഷേ, കൊരങ്ങിണിയിലെ ദുരന്തം ഇത്ര ഭീകരമാകുമായിരുന്നില്ല.

Top