കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെതിരായ മീറ്റു വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദങ്ങളിലേക്ക്. എം.ജെ അക്ബറിന് സ്ഥാനമൊഴിയേണ്ടിവരുന്ന നിലയിലേക്ക് വിവാദം നീങ്ങുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി മനേകാ ഗാന്ധി രംഗത്തെത്തി. ആരോപണത്തില്‍ അന്വേഷണം വേണമെന്ന് മനേകാ ഗാന്ധി ആവശ്യപ്പെട്ടു.
അന്വേഷണം തീര്‍ച്ചയായും ഉണ്ടാവണം. അധികാരത്തില്‍ ഇരിക്കുന്ന പുരുഷന്‍മാര്‍ എപ്പോഴും ചെയ്യുന്ന കാര്യമാണിത്. മാധ്യമ രംഗത്തും രാഷ്ട്രീയ മേഖലയിലും കമ്പനികളിലും ഇതുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നുണ്ട്. നാമത് ഗൗരവത്തില്‍ തന്നെ എടുക്കണം.
മറ്റുള്ളവര്‍ എന്ത് കരുതും, സ്വഭാവശുദ്ധിയെ സംശയിക്കുമോ എന്നെല്ലാമുള്ള ഭയം കാരണമാണ് സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ പുറത്തു പറയാന്‍ മടിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന ഓരോ ആരോപണങ്ങളിലും നടപടി എടുക്കാന്‍ നാം തയ്യാറാവണമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. വകുപ്പ് ചുമതലയുള്ള വനിതാ മന്ത്രിയാണ് താങ്കളെന്നും ഗൗരവകരമായ ആരോപണമാണ് പുറത്തുവരുന്നതെന്നും അന്വേഷണം ഉണ്ടോവുമോ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഒരക്ഷരം പോലും മിണ്ടാതെ അവഗണിക്കുകയാണ് മന്ത്രി ചെയ്തത്.
പാര്‍ട്ടി പരിപാടികളെ കുറിച്ച് പ്രതികരിക്കാനായി വാര്‍ത്താ സമ്മേളനം വിളിച്ച ബി.ജെ.പി വക്താവ് സാംബിത് പാത്ര എം.ജെ അക്ബറുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. തന്നെ ചുമതലപ്പെടുത്തിയത് മറ്റ് വിഷയങ്ങള്‍ സംസാരിക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.