നിരാലംബരുടെ ആശ്രയമായിരുന്ന തെരുവോരം മുരുകന്‍ മാസങ്ങളായി കിടപ്പില്‍; എണീക്കാനാവാത്ത അവസ്ഥയില്‍ സമൂഹത്തിന്റെ കടുത്ത അവഗണന

വേദനയും അവഗണനയും വരിഞ്ഞുമുറുക്കുമ്പോഴും തെരുവ് മക്കള്‍ക്ക് ആശ്രയമായ തെരുവോരം മുരുകന്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനും പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനും കഴിയാത്ത അവസ്ഥയിലാണിന്ന്. മൂന്ന് മാസം മുമ്പ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തെരുവില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു മുരുകന്‍. അന്ന് അക്രമാസക്തനായ യുവാവ് ലോഹക്കഷണം കൊണ്ട് മുരുകന്റെ മുട്ടുകാലില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞും വേദനയും നീരും കൂടി വന്നതോടെയാണ് വിദഗ്ദ്ധ പരിശോധന നടത്തിയത്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അതിന് വിധേയനായി. അടിയുടെ ആഘാതത്തില്‍ കാല്‍മുട്ടിന്റെ ചിരട്ടയ്ക്ക് പൊട്ടലേറ്റതിനാല്‍ പൂര്‍വ്വസ്ഥിതിയിലേക്കെത്താനും എഴുന്നേറ്റ് നടക്കാനും ഇനിയും മൂന്ന് മാസം കൂടി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ രണ്ട് ലക്ഷത്തോളം രൂപയാണ് ആശുപത്രി ചെലവുകള്‍ക്ക് വേണ്ടിവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ ഇതൊന്നും അറിയാതെയാവും മുരുകന്റെ ഫോണിലേക്ക് വിളിവരിക, ആരെങ്കിലും തെരുവില്‍ അലഞ്ഞു നടക്കുന്നുവെന്ന് അറിയിച്ചുകൊണ്ട്. ആ ഫോണ്‍വിളി കണ്ടില്ലെന്ന് നടിക്കാനാവില്ല, ഈ ചെറുപ്പക്കരാന്. തെരുവോര പ്രവര്‍ത്തക സംഘടനയിലെ അംഗങ്ങളിലാരെയെങ്കിലും ഉടന്‍ പറഞ്ഞയയ്ക്കും. തെരുവില്‍ അലയുന്ന ആളെ പുനരിധിവാസ കേന്ദ്രത്തിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ഏതാണ്ട് പതിനെട്ടോളം പേരെയാണ് മുരുകന്റെ ശസ്ത്രക്രിയയ്ക്ക് ശേഷവും തെരുവോരം ഏറ്റെടുത്തത്. എന്നാല്‍ തെരുവുമക്കളുടെ നന്മക്കായി ജീവിതം സമര്‍പ്പിച്ച മുരുകന് ഇന്ന് ദുരിതമൊഴിഞ്ഞ നേരമില്ല.

പകല്‍ തെരുവോരവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത്, രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് മുരുകന്‍ സ്വന്തം കുടുംബത്തിനായുള്ള വരുമാനം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ കാര്യമായ സമ്പാദ്യങ്ങളില്ലാത്തതിനാല്‍ ഭാര്യ ഇന്ദുവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്തിയത്. എന്നാല്‍ അപകടത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെയോ അധികാരികളുടെയോ ഭാഗത്തുനിന്ന് യാതൊരു സഹായവുമുണ്ടായില്ല. ഇത് തനിക്ക് ഏറെ നിരാശയുണ്ടാക്കിയെന്നും പറയുന്നു മുരുകന്‍. ജാതിയും മതവുമില്ലാത്ത തന്റെ നേര്‍ക്ക് ആര്‍ക്കും കല്ലെറിയാമെന്നും പക്ഷെ സര്‍ക്കാരിന്റെ തെരുവ്വെളിച്ചം പദ്ധതി അട്ടിമറിക്കാനുള്ള ദുഷ്ട ശക്തികളുടെ നീക്കം തന്നെ വല്ലാതെ വേദനിപ്പിക്കുന്നവെന്നും അദ്ദേഹം പറയുന്നു.

സഹായമാകേണ്ട സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ അര്‍ഹതപ്പെട്ട ഫണ്ടുകള്‍ അകാരണമായി തടഞ്ഞു വെയ്ക്കുന്നു. മുഖമില്ലാത്ത കുറേ ശത്രുക്കള്‍ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നു. തെരുവിലെ പാവങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന കൊച്ചുകൊച്ചു സഹായങ്ങളാണ് ഈ ദുഷ്ചെയ്തികളിലൂടെ ഇല്ലാതായത്. ഏഴ് മാസമായി മുടങ്ങിക്കിടക്കുന്ന 5 ലക്ഷത്തോളം രൂപ സര്‍ക്കാരില്‍ നിന്ന് തെരുവോരത്തിന് ലഭിക്കാനുണ്ടെന്ന് തെരുവ്വെളിച്ചത്തിലെ ജീവനക്കാരി ആശ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്നതിനിടെയാണ് മുരുകന് അപ്രതീക്ഷിതമായി അപകടം പിണഞ്ഞത്.

Image may contain: 1 person

ഇന്നത്തെ ദുരവസ്ഥയില്‍ ഭാര്യയും, കുഞ്ഞും പിന്നെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും മാത്രമേ മുരുകനൊപ്പമുള്ളു. അതില്‍ എടുത്ത് പറയേണ്ടയാളാണ് മുരുകന്‍ സ്നേഹത്തോടെ ജോസേട്ടന്‍ എന്ന് വിളിക്കുന്ന ജോസ് വര്‍ഗ്ഗീസ്. മുംബൈയിലെ ധാരാവിയില്‍ മുരുകനെപ്പോലെ തന്നെ തെരുവ്മക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് ഇദ്ദേഹം. മുരുകന് അപകടം സംഭവിച്ചതറിഞ്ഞ് മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച്, മുരുകനെ ശുശ്രൂഷിക്കാന്‍ ജോസേട്ടന്‍ ഓടിയെത്തി. ഇന്ന് മുഴുവന്‍ സമയവും മുരുകനെയും കുടുംബത്തെയും സഹായിച്ച് അദ്ദേഹം കൂടെയുണ്ട്.

Top