മൂന്നാര്‍: ആളൊഴിഞ്ഞ വീട്ടില്‍ ദിവങ്ങളോളം താമസിച്ച് വീട്ടുപകരണങ്ങള്‍ ഒന്നൊന്നായി വിറ്റ് മദ്യം വാങ്ങി കഴിച്ച് എല്‍.ഇ.ഡി. ടിവിയും ബാക്കിയുള്ള സാധനങ്ങളും കടത്താന്‍ ശ്രമിക്കവെ മോഷ്ടാവ് പോലീസ് പിടിയിലായി.
മഴക്കാലത്ത് പി.ഡബ്ല്യു.ഡി. ക്വാര്‍ട്ടേഴ്‌സ് അപകടത്തിലായതിനെത്തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറിയ എസ്. ബാലസുബ്രമണ്യന്റ വീട്ടില്‍ താമസിച്ച് വീട്ടുപകരണങ്ങള്‍ മോഷ്ടിച്ച പള്ളിവാല്‍ സ്വദേശിയും പെരിയവര ടോപ്പ് ഡിവിഷനില്‍ താമസക്കാരനുമായ മണികണ്ഠ (42)നെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാര്‍ ഇക്കാനഗറിലെ പി.ഡബ്ല്യു.ഡി. ക്വാര്‍ട്ടേഴ്‌സ് കാലവര്‍ഷത്തില്‍ ഇടിഞ്ഞുതാണതോടെയാണ് ബാലസുബ്രമണ്യം താമസം മറ്റൊരിടത്തേക്ക് മാറ്റിയത്.
അത്യാവശ്യസാധനങ്ങളായ പാത്രങ്ങളും തുണികളും മാത്രമാണ് കൈയില്‍ എടുത്തത്. ടിവി, തയ്യല്‍മിഷന്‍ കുറച്ച് പാത്രങ്ങള്‍ എന്നിവ വീട്ടില്‍ത്തന്നെ സൂക്ഷിച്ചു. ഇടയ്ക്ക് വീട്ടില്‍ ബാലസുബ്രമണ്യം താമസിക്കുന്നതും പതിവായിരുന്നു.
എന്നാൽ, കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കിയ മോഷ്ടാവ് ബാത്ത്‌റൂമിന്റെ മേല്‍ക്കൂര തകര്‍ത്ത് അകത്തുകയറി താമസം ആരംഭിച്ചു. തുടര്‍ന്ന് വീട്ടിലെ പാത്രങ്ങള്‍ ഓരോന്നായി ടൗണില്‍ വിറ്റ് പണം സ്വരൂപിച്ച് മദ്യംവാങ്ങി കഴിച്ചു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന തുണികള്‍ മെത്തയാക്കി കിടന്നുറങ്ങി. ഇന്നലെ രാവിലെ എല്‍.ഇ.ഡി. ടിവിയും പാത്രങ്ങളും തലയില്‍ ചുമന്ന് പോകുന്നതുകണ്ട അയല്‍വാസികള്‍ കാര്യം തിരക്കിയതോടെയാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.