10 മുതല്‍ 100 രൂപ വരെയെറിഞ്ഞ് ലക്ഷങ്ങള്‍ മോഷ്ടിക്കുന്നവര്‍ പിടിയില്‍; കവര്‍ച്ചക്കാരുടേത് അമ്പരപ്പിക്കുന്ന സൂത്രം

പത്ത് മുതല്‍ നൂറുരൂപാ നോട്ടുകള്‍ വരെയെറിഞ്ഞ് ലക്ഷങ്ങള്‍ കവരുന്ന മോഷ്ടാക്കള്‍ അറസ്റ്റില്‍. രമണ്‍, സതീഷ് എന്നിവരാണ് കര്‍ണാടക-ചിക്കബെല്ലാപുരയിലെ ഹാരോബാണ്ടെ എന്ന സ്ഥലത്ത് നിന്ന് പിടിയിലായത്.ഇരുവരും ആന്ധ്രപ്രദേശ് ചിറ്റൂര്‍ ജില്ലയിലെ ഓജിക്കുപ്പം സ്വദേശികളാണ്. ഇവരില്‍ നിന്ന് 15 ലക്ഷം രൂപ പിടിച്ചെടുത്തു.ഹാരോബാണ്ടയില്‍ ഒരാളുടെ ആക്ടീവ സ്‌കൂട്ടറില്‍ സീറ്റിനടിയിലെ ബോക്‌സില്‍ വെച്ചിരുന്ന 2.4 ലക്ഷം കവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരുടെ മോഷണ സൂത്രങ്ങള്‍ വെളിപ്പെട്ടത്.ബാങ്കുകളുടെ പരിസരത്താണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കാറ്.ബാങ്കില്‍ നിന്ന് പണമെടുത്ത് മടങ്ങുന്നവരെ ഇവര്‍ പിന്‍തുടരും. തുടര്‍ന്ന് പത്ത് മൂതല്‍ 100 രൂപാ നോട്ടുവരെ വഴിയില്‍ വിതറും. തുടര്‍ന്ന് ഇടപാടുകാരോട്, അവരുടെ പണം നിലത്തു വീഴുന്നതായി പറയും. അവര്‍ തിരിഞ്ഞുനോക്കുമ്പോള്‍ നോട്ടുകള്‍ കണ്ട് അതെടുക്കാന്‍ ശ്രമിക്കും.ഈ അവസരത്തില്‍ അവരുടെ പക്കലുള്ള ബാഗ് തട്ടിപ്പറിച്ച് ഇരുവരും രക്ഷപ്പെടും. പലപ്പോഴും ബൈക്കിലോ കാറിലോ ആയിരിക്കും പണമെടുത്ത് മടങ്ങുന്നവരെ പിന്‍തുടരുക. ഇത്തരത്തില്‍ 8 കവര്‍ച്ചകള്‍ ഇവര്‍ നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഒരു മോഷണക്കേസില്‍ ജാമ്യത്തിലാണ് ഇരുവരും.മോഷണം വിജയിച്ചാല്‍ ദൈവപ്രീതിക്കായി ഇവര്‍ ക്ഷേത്രങ്ങളില്‍ വന്‍ തുകയ്ക്ക് പൂജകള്‍ നടത്തുന്നതും പതിവാണ്. ജന്‍മദേശമായ ഓജിക്കുപ്പയിലും ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.അതേസമയം ഗൗരിബിജനൂറില്‍ വ്യാഴാഴ്ച സമാന രീതിയിലുള്ള മോഷണം അരങ്ങേറി.ഒരു സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന 50000 രൂപയാണ് കവര്‍ന്നത്. ഇവര്‍ ബാങ്കില്‍ നിന്ന് മടങ്ങുമ്പോള്‍ പിന്നാലെ ചെന്ന മോഷ്ടാക്കള്‍, വസ്ത്രത്തില്‍ പ്രാണിയുണ്ടെന്ന് ഇവരെ ധരിപ്പിച്ചു.പൊടുന്നനെ പ്രാണിയുണ്ടോയെന്ന് ഇവര്‍ പരിശോധിക്കാന്‍ ശ്രമിക്കവെ മോഷ്ടാക്കള്‍ പണവുമായി കടന്നുകളയുകയായിരുന്നു. പ്രസ്തുത മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി അന്വേഷണം പുരോഗമിക്കുകയാണ്.

Top