തിരുവനന്തപുരം: ഡിജിപിയെ കാണാനെത്തിയ തോക്കുസ്വാമിയെ പോലീസ് കള്ളകേസില്‍ കുടുക്കുകയാടയിരുന്നുവെന്ന് സൂചന. ജിഷ്ണുവിന്റെ സമരവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വാമി തൊട്ടടുത്ത കടയില്‍ ചായകുടിയ്ക്കുന്നതിനിടയിലാണ് പോലീസ് പിടിച്ച് അകത്താക്കിയത്. കോടതിയിലെത്തിയപ്പോഴാണ് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് പൊക്കിയതെന്ന് തോക്കു സ്വാമി അറിയുന്നത്.
പോലീസ് ആസ്ഥാനത്ത് ഡിജിപിയെ കാണാനാണ് തോക്ക് സ്വാമി സുന്ദരകുട്ടപ്പനായി ഇവിടെയെത്തിയത്. എന്നാല്‍ ഇതിനിടയില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി പോലീസ് സംഘര്‍ഷത്തിലായി എല്ലാവരെയും പോലീസ് വാനിലേയ്ക്ക് മാറ്റുന്നതിനിടെയാണ് സമീപത്ത് നില്‍ക്കുകയായിരുന്ന തോക്കിനെയും പോലീസ് പൊക്കിയത്. പിന്നീട് സമരത്തിലെ വില്ലാനായി തോക്ക് സ്വാമി മാറുകയായിരുന്നു. സമരത്തില്‍ നുഴഞ്ഞുകയറിയെന്ന പച്ചക്കളവും പാര്‍ട്ടി പത്രവും ചാനലും പോലീസും പ്രചരിപ്പിച്ചു.
ഫേയ്‌സ് ബുക്കിലൂടെ മതസ്പര്‍ദ്ദ വളര്‍ത്തിയെന്ന കുറ്റത്തിന് പോലീസ് സ്വമേധയാ എടുത്ത കേസില്‍ ആഴ്ച്ചകളോളം ജയിലില്‍ കിടന്ന് ജാമ്യം കിട്ടിയ സ്വാമി തന്നെ കള്ളകേസില്‍ കുടുക്കിയ കൊച്ചി പോലീസിനെതിരെ പരാതി പറയാനാണ് പോലീസ് ആസ്ഥാനത്ത് എത്തിയത്.എന്നാല്‍ വേറൊരു കള്ളക്കേസില്‍ അറസ്റ്റിലാകാനായിരുന്നു സ്വാമിയുടെ വിധി.
ജിഷ്ണു പ്രണോയിയെയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്കുസ്വാമി. സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയില്‍ ചായയൊക്കെ കുടിച്ച് നില്ക്കുമ്പോഴാണ് മഹിജയെ പോലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നത്. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്ക്കുമ്പോഴാണ് മ്യൂസിയം എസ്‌ഐയുടെ ദൃഷ്ടിയില്‍ സ്വാമി പെടുന്നത്. ഉടന്‍ ചോദ്യം വന്നു, ‘എന്താ ഇവിടെ’. സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. ‘ഡി.ജി.പിയെ കാണാന്‍ വന്നതാണ്.
ചോദ്യവും പറച്ചിലുമൊന്നും പിന്നെ ഉണ്ടായില്ല. നേരെ പോലീസിന്റെ ഇടിവണ്ടിയിലേക്ക് സ്വാമിക്ക് പ്രമോഷന്‍. സ്റ്റേഷനില്‍നിന്ന് നേരെ കോടതിയിലേക്ക്. കോടതിയില്‍വച്ചാണ് താന്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായതെന്ന കാര്യം സ്വാമി അറിയുന്നതത്രേ. ഇതോടെ അഴിക്കുള്ളിലുമായി. പോലീസിനും സര്‍ക്കാരിനും രക്ഷപെടാനുള്ള പിടിവള്ളിയായും തോക്ക് സ്വാമി മാറി.