
സ്വന്തം ലേഖകൻ
കൊച്ചി: സോളാർ കേസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ ഉമ്മൻചാണ്ടിയെ ഒതുക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ മെനഞ്ഞ് ഐ ഗ്രൂപ്പ്. കായൽ കയ്യേറ്റ വിവാദത്തിൽ ആരോപണ വിധേയനായ തോമസ് ചാണ്ടിയെ രാജി വയ്പ്പിച്ച് സമ്മർദത്തിലാക്കാൻ ഉമ്മൻചാണ്ടി രാജി വയ്ക്കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഉന്നയിച്ചേക്കുമെന്നാണ് സൂചന. ഉമ്മൻചാണ്ടിക്കെതിരായ നീക്കങ്ങൾ ഡൽഹിയിൽ ശക്തമാക്കി രാഹുൽഗാന്ധിയെ രംഗത്തിറക്കാൻ ഐ ഗ്രൂപ്പ് അണിയറയിൽ നീക്കം തുടങ്ങിക്കഴിഞ്ഞു.
സോളാർ കേസിന്റെ ആരംഭ സമയം മുതൽ തന്നെ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന നിലപാടായിരുന്നു ഉമ്മൻചാണ്ടി സ്വീകരിച്ചിരുന്നത്. സർക്കാരിനു നഷട്മുണ്ടായിട്ടില്ലെന്ന വാദവും ഉമ്മൻചാണ്ടിയും സംഘവും ആദ്യം മുതൽ തന്നെ ഉയർത്തിയിരുന്നു. എന്നാൽ, ഇതെല്ലാം തകർക്കുന്ന റിപ്പോർട്ടാണ് ഉമ്മൻചാണ്ടി തന്നെ നിയോഗിച്ച സോളാർ കമ്മിഷൻ തന്നെ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഇതാണ് ഉമ്മൻചാണ്ടിയെ കൂടുതൽ ദുർബലമാക്കുന്നത്. കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കെ ആരോപണം ഉയർന്നപ്പോൾ ഒരു തവണ പോലും രാജിസന്നദ്ധത പ്രകടമാക്കാത്ത ഉമ്മൻചാണ്ടിയുടെ എംഎൽഎ സ്ഥാനം തെറിപ്പിക്കുന്നതിനാണ് ഇപ്പോൾ ഐ ഗ്രൂപ്പ് നീക്കം.
പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഏറ്റവും സുവർണാവസരമാണ് ഇപ്പോൾ യുഡിഎഫിനും പ്രതിപക്ഷത്തിനും ലഭിച്ചിരിക്കുന്നത്. ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സോളാർ റിപ്പോർട്ടുമായി ഭരണപക്ഷം രംഗത്ത് എത്തിയത്. ഇതോടെ യുഡിഎഫും കോൺഗ്രസും പ്രതിരോധത്തിലായി. ഇത് മറികടക്കാനാണ് ഉമ്മൻചാണ്ടിയുടെ രാജി തന്നെ ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഉമ്മൻചാണ്ടി രാജി വച്ചാൽ സ്വാഭാവികമായും തോമസ് ചാണ്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കാനും രാജി വയ്പ്പിക്കാനും കോൺഗ്രസിനു സാധിക്കും. ഈ ലക്ഷ്യം കൂടി മുൻകൂട്ടി കണ്ടാണ് ഇപ്പോൾ ഐ ഗ്രൂപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.