തിരുവനന്തപുരം :എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി. തന്റെ മന്ത്രിസ്ഥാനം വൈകിപ്പിച്ചത് ഉഴവൂര്‍ വിജയനാണെന്ന് തോമസ്ചാണ്ടി കുവൈത്തില്‍ പറഞ്ഞു. എന്‍.സി.പി സംസ്ഥാന ഘടകത്തിലുണ്ടായിരിക്കുന്ന അഭിപ്രായഭിന്നത രൂക്ഷമാക്കുന്നതാണ് മന്ത്രിയുടെ ആരോപണം.എന്‍സിപിക്ക് ഉള്ളിലെ ഭിന്നത വെളിവാക്കി തോമസ് ചാണ്ടി. എകെ ശശീന്ദ്രന്‍ ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ചപ്പോള്‍ താന്‍ മന്ത്രിയാകുന്നത് വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചെന്നാണ് തോമസ് ചാണ്ടിയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് സത്യപ്രതിജ്ഞ പെട്ടെന്ന് നടത്തിയതെന്നും തോമസ് ചാണ്ടി പറഞ്ഞു.സത്യപ്രതിജ്ഞ തൊട്ടടുത്ത ദിവസം തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് സത്യപ്രതിജ്ഞ നടന്നതെന്നും എന്‍സിപി നേതാവ് ആരോപിച്ചു.
എന്നാല്‍ തോമസ് ചാണ്ടിയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ പ്രതികരണം.തോമസ് ചാണ്ടിയോട് ദൈവം ക്ഷമിക്കട്ടെയെന്നും തോമസ് ചാണ്ടിയുടെ വിശ്വാസം രക്ഷിക്കട്ടെയെന്നും ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ ആരോപണം വെറും തമാശയായാണ് താന്‍ കാണുന്നതെന്നും ഉഴവൂര്‍പറഞ്ഞു.പാര്‍ട്ടി വേദിയില്‍ ഇത്തരത്തിലൊരു ആരോപണം ഒരിക്കല്‍ പോലും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എകെ ശശീന്ദ്രനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും പിന്നീട് രാജിവെക്കേണ്ടി വന്നപ്പോഴും അനുകൂല നിലപാടാണ് ഉഴവൂര്‍ വിജയന്‍ കൈകൊണ്ടത്. മംഗളം ചാനലിന്റെ ഫോണ്‍കെണിയാണ് വിവാദത്തിന് ആധാരമെന്ന് തിരിച്ചറിഞ്ഞതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന നിലപാട് പരസ്യമായി ഉഴവൂര്‍ കൈക്കൊണ്ടിരുന്നു.കഴിഞ്ഞ ദിവസം എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി.കാപ്പന്‍ പ്രസിഡണ്ട് തീരുമാനങ്ങള്‍ പാര്‍ട്ടി ഘടകത്തെ അറിയിക്കാതെയാണ് തീരുമാനിക്കുന്നതെന്നും, അതിനാല്‍ പ്രസിഡണ്ടിനെ മാറ്റണമെന്നും ചൂണ്ടിക്കാട്ടി ദേശീയ നേത്യത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു.