തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും എകെ ശശീന്ദ്രന്‍ രാജിവച്ചതെന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് തോമസ് ചാണ്ടി. കുറ്റം തെളിയിക്കപ്പെടാതെ രാജി വയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
ഇടതുമുന്നണിയുടെ ഭാഗമായ എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. ശശീന്ദ്രന്‍ മന്ത്രിസഭയില്‍നിന്നു പുറത്തുപോയ സാഹചര്യത്തില്‍ അവശേഷിക്കുന്നത് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയാണ്. എന്‍സിപിക്ക് ഒരു മന്ത്രിസ്ഥാനമെന്ന ധാരണ തുടരാന്‍ ഇടതുമുന്നണി തയാറായാല്‍ സ്വാഭാവികമായി ആ സ്ഥാനം തോമസ് ചാണ്ടിയിലേക്കു വന്നുചേരാനാണ് സാധ്യത.
മന്ത്രിസഭാ രൂപീകരണഘട്ടത്തില്‍ത്തന്നെ മന്ത്രിസ്ഥാനത്തേക്കു തോമസ് ചാണ്ടിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ സീനിയോരിറ്റി കണക്കിലെടുത്തും സിപിഎമ്മിന്‍റെ താത്പര്യം പരിഗണിച്ചും ഏലത്തൂര്‍ എംഎല്‍എ എ.കെ.ശശീന്ദ്രനു നറുക്കുവീഴുകയായിരുന്നു.
ഇത്തരമൊരു വിവാദത്തിലൂടെ മന്ത്രി പുറത്തുപോകേണ്ടിവന്ന സാഹചര്യത്തില്‍ എന്‍സിപിക്ക് ഇനിയും മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഎം കണ്ണുമടച്ചു തയാറാകാനിടയില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. വിവാദം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ചര്‍ച്ച ചെയ്യുമെന്നാണ് എന്‍സിപി പ്രതികരിച്ചിട്ടുള്ളത്.
അതേസമയം, പകരം മന്ത്രിയെ ഉടന്‍ നിര്‍ദേശിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. അതേസമയം താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും രാജി കുറ്റസമ്മതമല്ലെന്നുമാണ് ശശീന്ദ്രന്റെ പക്ഷം.