
സ്വന്തം ലേഖകൻ
ആലപ്പുഴ: കായൽകയ്യേറ്റത്തിലും, ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫിസ് ആക്രമിച്ച സംഭവത്തിലും ആരോപണ വിധേയനായ തോമസ് ചാണ്ടി അടുത്ത ആഴ്ച രാജി വയ്ക്കും. കലക്ടറുടെ റിപ്പോർട്ടിലും ചാണ്ടിയുടെ കയ്യേറ്റം ശരിവച്ച സാഹചര്യത്തിൽ സിപിഐയുടെ സമ്മർദത്തെ തുടർന്നാണ് ചാണ്ടി രാജി വയ്ക്കുന്നത്. റവന്യു വകുപ്പും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തങ്ങളുടെ നിലപാട് ശക്തമാക്കിയിട്ടുണ്ട്. ഇത് ചാണ്ടിക്ക് എതിരാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ രാജി. ഗതാഗത വകുപ്പും, കെ.എസ്.ആർ.ടി.സിയും ധനമന്ത്രി തോമസ് ഐസക്കിനു കൈമാറുമെന്നും സൂചനയുണ്ട്.
മാസങ്ങൾ നീണ്ട ആരോപണങ്ങളാണ് തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസും, മറ്റു ചാനലുകളും അടക്കമുള്ളവ വിഷയം ഏറ്റെടുക്കുകയും സംഭവം ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും മുഖ്യമന്ത്രി അടക്കമുള്ളവർ തോമസ് ചാണ്ടിയുടെ രാജ്ിക്കാര്യത്തിൽ പ്രതികരണം നടത്തിയിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തോമസ് ചാണ്ടിയുടെ സ്ഥലം കയ്യേറിയ വിഷയത്തിൽ നിരന്തരം വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴയിലെ ഓഫിസ് ആക്രമിക്കപ്പെട്ടത്. ഇതേ തുടർന്ന് വീണ്ടും ശക്തമായി തോമസ് ചാണ്ടിയെ ആക്രമിച്ച ചാനലുകളാണ് ഇപ്പോൾ രാജിയിലേയ്ക്കു കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
വിഷയം വീണ്ടും ചർച്ചയാകുകയും, ജില്ലാ കലക്ടർ ടി.വി അനുപമ മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ചു ചാണ്ടിക്ക് എതിരായി റിപ്പോർട്ട് നൽകുകയും ചെയ്തതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. ഇതേ തുടർന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ രാജി വയ്ക്കുമെന്നു തോമസ് ചാണ്ടി ഇന്നലെ പ്രസ്താവിച്ചിരുന്നു. ഇതോടെയാണ് സിപിഐയും മന്ത്രിക്കെതിരെ രംഗത്ത് എത്തിയത്.