ബജറ്റ് ചോര്‍ന്ന സംഭവം ചീഫ് സെക്രട്ടറി അന്വേഷിക്കും; നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണം ചീഫ് സെക്രട്ടറി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സിപിഐഎമ്മും ഇതിനെക്കുറിച്ച് പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശവും എത്തിയത്.ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

ബജറ്റ് അവതരണം നടക്കുന്നതിനിടെ രാവിലെ 9.50ന് ബജറ്റ് എങ്ങനെ ചോര്‍ന്നെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സിപിഐഎം നേതാവും മന്ത്രിയുമായ എ.കെ ബാലന്‍ പറഞ്ഞു. അസാധാരണ സംഭവങ്ങളാണ് ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായത്. അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. ഇതോടെ ബജറ്റ് അവതരണം തടസ്സപ്പെട്ടു. പരിശോധിക്കാമെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വായിച്ച ഭാഗങ്ങളാണ് സോഷ്യയില്‍ മീഡിയയില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. വായിക്കാനുള്ള ഭാഗങ്ങളാണ് വന്നതെന്നും അതിന്റെ കോപ്പികള്‍ വിതരണം ചെയ്തു പ്രതിപക്ഷം ഇതിനെ നേരിട്ടു. ഇതോടെ ധനമന്ത്രി തോമസ് ഐസക് പരിക്ഷീണനായി. ചോര്‍ന്ന ഭാഗങ്ങള്‍ ഐസക് വായിച്ചില്ല. ജിഎസ്ടി നികുതി നിര്‍ദേശങ്ങളടങ്ങിയ ഭാഗങ്ങളാണ് വായിക്കാതെ ഐസക് വിട്ടത്.

ഇത് വായിച്ചതായി കണക്കാക്കണമെന്ന് ഐസക് സഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ എളുപ്പത്തില്‍ വായിച്ച് ഐസക് ബജറ്റ് ഉപസംഹരിച്ചു. ഇതേ സമയത്താണ് മീഡിയാ റൂമില്‍ പ്രതിപക്ഷ നേതാവ് ബജറ്റിലെ ശേഷിച്ച ഭാഗങ്ങള്‍ വായിച്ചത്. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതിന് മുമ്പേ ഇതിന്റെ പകര്‍പ്പ് തങ്ങള്‍ നല്‍കാമെന്നും പ്രതിപക്ഷം പറഞ്ഞു.

ബജറ്റ് വിവരങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ പരമാവധി പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ ധനമന്ത്രി രാജിവയ്ക്കണമെന്ന് കെ.എം.മാണിയും അഭിപ്രായപ്പെട്ടു. പുതിയ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കണം. നികുതി നിര്‍ദേശങ്ങള്‍വരെ ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും കെ.എം.മാണി പറഞ്ഞു

Top