തിരുവനന്തപുരം: ധനമന്ത്രിയുടെ പ്രസ് സെക്രട്ടറിയ്ക്ക് പറ്റിയ കയ്യബദ്ധം ബജറ്റിന്റെ ശോഭ കെടുത്തിയടോടെ കടുത്ത കലിപ്പിലാണ് ധനമന്ത്രി തോമസ് ഐസക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടതോടെ രാജി സന്നദ്ധതയും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ധനമന്ത്രി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
തന്നെ ബോധംപൂര്‍വ്വം അപമാനിക്കാന്‍ ശ്രമം നടത്തിയതായി തോമസ് ഐസക് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ധനമന്ത്രിസ്ഥാനം രാജിവയ്ക്കാനും തോമസ് ഐസക് തയ്യാറാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ധനമന്ത്രി അറിയിച്ചതായാണ് സൂചന. എന്നാല്‍ രാജി വേണ്ടെന്നാണ് പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചത്. അത്ര ഗുരുതരമായ സ്ഥിതി വിശേഷമൊന്നും ഉണ്ടായിട്ടില്ല. തെറ്റ് ചെയ്തവര്‍ക്ക് എതിരെ നടപടി എടുത്താല്‍ മതിയെന്നാണ് പിണറായിയുടെ നിലപാട്. ഇത് ധനമന്ത്രി അംഗീകരിക്കുകയും ചെയ്തു.
പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതിന് ഉത്തരവാദിത്തം ധനമന്ത്രിക്കാണ്. ഇതില്‍ നിന്ന് താന്‍ ഒളിച്ചോടില്ല. ഈ പിഴവ് ആരു വരുത്തിയാലും തന്റെ ഭാഗത്ത് നിന്ന് ഒഴിഞ്ഞു മാറല്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് വേണ്ടി രാജിക്ക് തയ്യാറാണെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. ഈ വിഷയത്തില്‍ സിപിഎം യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാകും നിര്‍ണ്ണായകം. സഭയ്ക്കുള്ളിലെ ചര്‍ച്ചയില്‍ തോമസ് ഐസക്കിനെ സാന്ത്വനിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതു തുടര്‍ന്നാല്‍ രാജിയുണ്ടാകില്ല.
പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ താന്‍ ഒറ്റപ്പെടുമോ എന്ന ഭയം തോമസ് ഐസക്കിനുണ്ട്. അതുകൊണ്ട് കൂടിയാണ് രാജിക്ക് മുന്‍കൂട്ടി സന്നദ്ധത അറിയിക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ നല്ല വശങ്ങള്‍ പോലും ഇതു മൂലം ചര്‍ച്ചയാകാതെ പോയി. ബജറ്റ് അവതരണം ചോര്‍ന്നുവെന്ന് ആരോപിച്ച് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭയിലെ മീഡിയാ റൂമില്‍ ബദല്‍ ബജറ്റ് അവതരിപ്പിച്ചത് സമാനതകള്‍ ഇല്ലാത്ത സംഭവമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മറ്റ് എംഎല്‍എമാരോടൊപ്പം എത്തി ബജറ്റ് അവതരണം സഭയില്‍ നടന്നുകൊണ്ടിരിക്കെ തന്നെ സമാന്തര ബജറ്റ് അവതരിപ്പിച്ചത്. ഇതെല്ലാം സാമ്പത്തക വിദഗ്ധനെന്ന് അറിയപ്പെടുന്ന ധനമന്ത്രിക്ക് തീരാ കളങ്കമായി. ഇതിന് ഗൗരവത്തോടെയാണ് തോമസ് ഐസക്ക് കാണുന്നതും.
രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങി ഒന്നരമണിക്കൂര്‍ ആയപ്പോഴാണ് ബജറ്റിന്റെ വിവരങ്ങള്‍ ചോര്‍ന്നതെന്ന് പ്രതിപക്ഷനേതാവ് നിയമസഭയെ അറിയിച്ചത്. ധനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്നും സഭയില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ മീഡിയാ റൂമിലെത്തി ബദല്‍ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. ബജറ്റിന്റെ വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ ആരോപണും ലക്ഷ്യമിടുന്നത് തോമസ് ഐസക്കിനെ മാത്രമാണ്.
സാധാരണ ധനമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കി സ്പീക്കറുടെ നിര്‍ദ്ദേശം വന്ന ശേഷം മാത്രമാണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഔദ്യോഗികമായി കൈമാറിയിരുന്നത്. എന്നാല്‍ സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പരിശോധിക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. ബജറ്റ് അവതരണത്തിന് ശേഷം വീഴ്ചയുണ്ടായെന്ന് സമ്മതിക്കുകയും ചെയ്യും. ഈ സമയം രാജിവയ്ക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിലെ ചിലര്‍ക്കും കടുത്ത നാണക്കേടാണ് ധനവകുപ്പില്‍ നിന്ന് ഉണ്ടായതെന്ന അഭിപ്രായമുണ്ട്. ഇതു കൂടി തിരിച്ചറിഞ്ഞാണ് തോമസ് ഐസക് രാജിക്ക് സന്നദ്ധത അറിയിച്ചത്.