ആലപ്പുഴ: മുതിര്‍ന്ന സി.പി.എം നേതാക്കളായ വി.എസ് അച്യുതാനന്ദനേയും പിണറായി വിജയനേയും ഇകഴ്ത്തിക്കാണിക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാകില്ലെന്ന് മുന്‍ ധനമന്ത്രിയും സി.പി.എം നേതാവുമായ ഡോ.ടി.എം തോമസ് ഐസക്ക്. ഇരുവരേക്കാളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യന്‍ തോമസ് ഐസക്കാണെന്ന് എം.പി പരമേശ്വരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖത്തിലാണ് ഇരുവര്‍ക്കുമെതിരെ അദ്ദേഹം കടുത്ത വിമര്‍ശനമുന്നയിക്കുന്നത്.
വി.എസ് അച്യുതാനന്ദന് ഐസക്കിന്റേയത്ര വിവരമില്ല. അദ്ദേഹത്തെ പിന്തുണക്കാന്‍ ആരുമില്ല. ഉപദേശം കൊടുക്കാന്‍ അറിവില്ലാത്തവരാണുള്ളത്. കൃഷിയേപ്പറ്റിയും സാമ്പത്തിക ശാസ്ത്രത്തിലും വി.എസിന് വിവരമില്ലെന്നമാണ് എം.പി പരമേശ്വരന്‍ അഭിപ്രായപ്പെട്ടത്. പിണറായിക്ക് മനുഷ്യനുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുകയാണെങ്കില്‍ ദോഷമേ ചെയ്യൂവെന്നും എം.പി പരമേശ്വരന്‍ പറയുന്നു. എം.പിയേപ്പൊലൊരാളില്‍ നിന്ന് ഈ പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫെയ്‌സ്ബുക്കിലെഴുതിയ മറുപടിക്കുറിപ്പില്‍ തോമസ് ഐസക്ക് പറഞ്ഞു.
പാര്‍ട്ടി സഖാക്കള്‍ വഹിക്കേണ്ട ചുമതലകളെക്കുറിച്ച് തീരുമാനമെടുക്കാന്‍ പാര്‍ട്ടിയ്ക്കു പാര്‍ട്ടിയുടേതായ രീതികളുണ്ട്. അതറിയാത്ത ആളല്ല എം പി. ഇക്കാര്യം അര്‍ഹിക്കുന്ന സ്‌നേഹബഹുമാനങ്ങളോടെ ഓര്‍മ്മപ്പെടുത്തുകയാണ്, എം പിയുടെ കത്തിന് മറുപടി പറയാതിരിക്കുക വഴി സഖാവ് സീതാറാം യെച്ചൂരി ചെയ്തത്. പരിണിതപ്രജ്ഞനായ എംപിയ്ക്ക് അതു മനസിലാകേണ്ടതായിരുന്നു- ഐസക്ക് പറയുന്നു. വി.എസ്, പിണറായി എന്നിവരേക്കാള്‍ മുഖ്യമന്ത്രിയാവാന്‍ യോഗ്യതയുള്ളത് തോമസ് ഐസക്കിനാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എം.പി പരമേശ്വരന്‍ കത്തയച്ചിരുന്നു.
കേരളത്തിലെ ഇടതുപക്ഷമുന്നേറ്റത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കളാണ് പിണറായിയും വി.എസും. സമാനതകളില്ലാത്ത ജീവിത ക്ലേശങ്ങളോടു പൊരുതിയാണ് വലതുപക്ഷ രാഷ്ട്രീയത്തിനെതിരെയുളള ബഹുജനമുന്നണി കെട്ടിപ്പെടുക്കുന്നതില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും നിര്‍ണായകമായ പങ്കുവഹിച്ചത്. ആ സ്‌നേഹവും ആദരവും കേരളജനത അവര്‍ക്കു നല്‍കുന്നുമുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തോമസ് ഐസക്കിനെ ഉയര്‍ത്തിക്കാണിക്കാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപരവും ബൗദ്ധികവുമായ നിരവധി ഗുണങ്ങള്‍ എം.പി പരമേശ്വരന്‍ എടുത്തു കാണിക്കുന്നുണ്ട്. അഴിമതിയില്ലാത്തതും മറ്റാരേക്കാളും വിവരമുള്ളതും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാന്‍ ഐസക്കിന് സഹായകമാകും- അദ്ദേഹം പറയുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായ എം പി പരമേശ്വരന്‍ പ്രശസ്ത ആണവ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമാണ്. സി.പി.എം അംഗമായിരുന്ന അദ്ദേഹം നാലാം ലോക സിദ്ധാന്തത്തിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നത്.