![](https://dailyindianherald.com/wp-content/uploads/2016/11/issc.png)
തിരുവനന്തപുരം :500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പൂര്‍ണമായും തെറ്റായ തീരുമാനമാണിത്. തീരുമാനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച തീരുമാനം ജനങ്ങളില്‍ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ രാജ്യങ്ങള്‍ പലതും കറന്‍സികള്‍ മാറിയിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒറ്റദിവസം കൊണ്ടായിരുന്നില്ല അത്. പ്രഖ്യാപനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കിയിരിക്കുകയാണ്. എങ്ങനെ നാളെ ട്രഷറികള്‍ പ്രവര്‍ത്തിക്കുമെന്നതിന് ധാരണയില്ല. കള്ളപ്പണം വെളുപ്പിക്കാനായിട്ടാണ് ഈ തീരുമാനം എന്നത് ശരിയല്ല. കള്ളപ്പണം ആരും നോട്ട് ആയിട്ട് സൂക്ഷിക്കില്ല. തീരെ മണ്ടന്മാരെ അതിന് തയ്യാറാകൂ. കള്ളപ്പണം വിദേശ നിക്ഷേപവും മറ്റ് വസ്തുക്കളും വഴി ആയിരിക്കും സൂക്ഷിക്കുക. എന്നാല്‍ കള്ളനോട്ട് തടയാന്‍ തീരുമാനം ഗുണംചെയ്യും.
തീരുമാനം സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. കെഎസ്എഫ്ഇ ഉള്‍പെടെ നാളെ തുറന്ന് പ്രവര്‍ത്തിക്കണോ എന്ന് ചോദിച്ച് വിളിക്കുന്നുണ്ട്. സാമ്പത്തിക വിദഗ്ദരുമായി താന്‍ ചര്‍ച്ച ചെയ്തപ്പോള്‍ മണ്ടന്‍ തീരുമാനം എന്നാണ് ലഭിച്ച പ്രതികരണം. നോട്ടുകളുടെ വിനിമയം തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അതിനാല്‍ ഈ അവസ്ഥ സഹിക്കുകയോ നിവൃത്തി ഉള്ളൂവെന്നും തോമസ് ഐസക്ക് പറഞ്ഞു.