തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ നാലു പേർ മരിച്ചു. നിരവധി പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ജില്ലയിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൂത്തുക്കുടി പട്ടണത്തിൽ കനത്ത സുരക്ഷ ഒരുക്കി.
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റുകൾക്കെതിരെ പ്രദേശവാസികൾ നടത്തുന്ന സമരമാണ് അക്രമാസക്തമായത്. കോപ്പര്‍ കമ്പനിയായ സ്‌റ്റെറിലൈസ് ഇന്ത്യ കമ്പനി വിപൂലീകരിക്കാന്‍ അനുമതി നല്‍കിയതിനെതിരെയാണ് പ്രതിഷേധം. കളക്ടറേറ്റ് ഓഫീസിലേക്ക് നടത്തിയ പ്രകടനത്തിന് നേരെയാണ് പൊലീസ് നടപടിയുണ്ടായത്.
സമരം അക്രമാസക്തമായി, വാഹനങ്ങള്‍ കത്തിച്ചു, ഓഫീസുകള്‍ തകര്‍ക്കുകയാണ്. രണ്ടായിരത്തിലധികം പേരാണ് കലക്ടറേറ്റിനുള്ളിലുള്ളത്.
ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിനു വ്യാപാരി, പരിസ്ഥിതി സംഘടനകളും കോളെജ് വിദ്യാർഥികളും വിവിധ പ്രതിപക്ഷ കക്ഷികളും സന്നദ്ധ പ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞമാസം സൂപ്പർതാരം രജനികാന്ത് ട്വീറ്റും ചെയ്തു.
മക്കൾ നീതി മയ്യം നേതാവ് നടൻ കമൽഹാസനും തൂത്തുക്കുടിയിലെ സമരപ്പന്തലുകളിൽ പിന്തുണയുമായി കഴിഞ്ഞ മാസം സന്ദർശനം നടത്തി. കമ്പനി മലിനീകരണം വരുത്തുന്നതായി തെളിഞ്ഞാൽ അടച്ചു പൂട്ടാൻ നിർദേശം നൽകണമെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന്, പ്ലാന്റ് മൂലമുള്ള പരിസ്ഥിതി ആഘാതം പഠിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്നും പ്ലാന്റ് വികസിപ്പിക്കുന്നതു സംബന്ധിച്ചു നാട്ടുകാരുടെ അഭിപ്രായം അറിയാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം കൂടുമെന്നും സംസ്ഥാന പരിസ്ഥിതി മന്ത്രി കെ.സി.കറുപ്പയ്യനും വ്യക്തമാക്കി.