തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരേ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയ്ക്ക് നഷ്ടമായത് സഹോദരിയുടെ ഭര്‍ത്താവിനെ.
സില്‍വയുടെ സഹോദരി ആരുഷിയുടെ ഭര്‍ത്താവ് ജെ. സെല്‍വരാജ് കോപ്പര്‍ പ്ലാന്റിനെതിരെയുള്ള സമരത്തില്‍ പങ്കാളിയായിരുന്നു. സില്‍വ തന്നെയാണ് ദു:ഖവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
ആകെ പതിനൊന്നു പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൂടാതെ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്.
നടന്‍മാരായ രജനികാന്തും കമല്‍ ഹാസനും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങള്‍ കുറ്റവാളികളല്ലെന്നും സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നും രജനികാന്ത് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.