തൂത്തുക്കുടിയില്‍ ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനുനേരെയുള്ള പൊലീസ് വെടിവെപ്പ് ആസൂത്രിതം. സമരക്കാരെ തിരഞ്ഞു പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വെടിയുതിര്‍ക്കുമെന്ന മുന്നറിയിപ്പോ, ആകാശത്തേക്ക് വെടിയുതിര്‍ക്കുകയോ ഒന്നും ചെയ്യാതെയുള്ള വെടിവെപ്പ് സംശയകരമാണ്.
വാഹനത്തിനു മുകളിലിരുന്ന് ഉന്നം പിടിച്ചശേഷമാണ് സമരക്കാര്‍ക്കുനേരെ പൊലീസ് നിറയൊഴിക്കുന്നത്. അക്രമാസക്തമായി നില്‍ക്കുന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുയായിരുന്നില്ല വെടിവയ്പ്പിന്റെ ലക്ഷ്യമെന്ന് വ്യക്തം. ജനക്കൂട്ടത്തിനിടയില്‍നിന്ന സമരനേതാവ് തമിഴരശന്‍ വെടിയേറ്റ് മരിച്ചതും പൊലീസിന്റെ ഉദ്ദേശശുദ്ധിയെ സംശയത്തിന്റെ മുള്‍മുനയില്‍നിര്‍ത്തുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാന്‍ ശ്രമിക്കുമ്പോഴും ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.
അതേസമയം, സ്റ്റര്‍ലൈറ്റ് പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയടക്കം മരിച്ചവരില്‍ ഉള്‍പെടുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനടക്കമുള്ള നേതാക്കള്‍ ഇന്ന് തൂത്തുക്കുടി സന്ദര്‍ശിക്കും.