ശ്രീനഗർ: കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ശവസംകാരചങ്ങിൽ പെങ്കടുത്തത് കുടുംബാംഗങ്ങൾ മാത്രം. ഏറ്റുമുട്ടലിൽ തീവ്രവാദിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം വീരമരണം വരിച്ച അസ്ഹർ മെഹ്മൂദിൻറെ ശവസംസ്കാര ചടങ്ങിൽ നിന്നാണ്പ്രദേശവാസികൾ ഒഴിഞ്ഞു നിന്നത്.
അതേസമയം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി ഫയാസ് അഹമ്മദ് ഐഷ് വറിൻറെ ശവസംസാരചടങ്ങിൽ പതിനായിരങ്ങൾ സംബന്ധിച്ചു. ഫയാസ് അഹമ്മദിൻറെ സ്വദേശമായ കുൽഗാമിലാണ് ചടങ്ങുകൾ നടന്നത്. കഴിഞ്ഞ വർഷം സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവ് ബുർഹാൻ വാനിയുടെ ശവസംസ്കാരത്തിൽ സംബന്ധിച്ച ജനക്കൂട്ടത്തിനു സമാനമായിരുന്നു ഫയാസിൻറെ ചടങ്ങുകൾക്കുമെത്തിയത്.
ഞായറാഴ്ച അനന്ത്നാഗിൽ ഫയാസ് അഹമ്മദിൻറെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അസ്ഹർ മെഹ്മൂദും മൂന്നും സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു. വ്യാജ റോഡപകടത്തിലൂടെ ഗതാഗത തടസുണ്ടാക്കിയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. പൊലീസുകാരുടെ തോക്കുകൾ തട്ടിയെടുക്കാനും ഇവർ ശ്രമിച്ചു. ഫയാസിനെ വെടിവെച്ചിടുന്നതിനിടെ സംഘത്തിലുൾപ്പെട്ട മറ്റൊരു ഭീകരൻ അസ്ഹറിനെ കൊലപ്പെടുത്തുകയായിരുന്നു.
എട്ടു വർഷമായി കശ്മീർ പൊലീസ് സേനക്കുവേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് അസ്ഹർ. അദ്ദേഹത്തിന് രണ്ടുകുട്ടികളും ഭാര്യയുമുണ്ട്. സർക്കാർ അനുശോചനം രേഖപ്പെടുത്തകയല്ലാതെ കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻറെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല.
കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി ഫയാസ് അഹമ്മദ് 2015ൽ ഉദ്ദംപൂരിൽ ബി.എസ്.എഫ് ജവാൻമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ഇയാളുടെ തലക്ക് സർക്കാർ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.