ഉത്തര കൊറിയയില്‍ നടക്കുന്ന മനുഷ്യത്വ ധ്വംസനങ്ങള്‍ക്ക് കണക്കില്ല. കിം ജോന്‍ഗ് ഉന്നിന്റെ സ്വച്ഛാധിപത്യത്തിന് കീഴിലുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടക്കുന്ന രക്തമുറയുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് മുന്‍ നോര്‍ത്തുകൊറിയന്‍ വനിതാ ജയില്‍ വാര്‍ഡനായ ലിം ഹേജിന്‍ രംഗത്തെത്തി.
ഇവിടെ രക്ഷപ്പെട്ട തടവുകാരന് വേണ്ടി അനേകം കുടുംബങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം താന്‍ നേരില്‍ക്കണ്ടെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ആ തടവുകാരനെ കണ്ടെത്തിയപ്പോള്‍ പരസ്യമായി കൊല്ലുകയും ചെയ്തിരുന്നു. ഇവിടുത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരെ പട്ടിക്കിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നവര്‍ ഏറെയാണെന്നും ജിന്‍ ഞെട്ടലോടെ ഓര്‍ക്കുന്നു. ഇത്തരത്തില്‍ ഉത്തരകൊറിയയില്‍ നിന്നും രക്ഷപ്പെട്ട ഈ ജയില്‍ വാര്‍ഡന്റെ നടുക്കുന്ന ഓര്‍മകളിലൂടെ ലോകം ഇപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്.
ഇവിടുത്തെ നിരവധി രഹസ്യ ജയിലുകളില്‍ ആയിരക്കണക്കിന് തടവുകാര്‍ പട്ടിണികിടന്ന് നരകിക്കുന്നുണ്ടെന്നും ചിലരെ ചാട്ടവാറടിക്കും മറ്റ് നരകപീഡനങ്ങള്‍ക്കുമിരകളാക്കുന്നുവെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുണ്ടെന്നും നിരവധി പേരെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുന്നത് പതിവാണെന്നും അവര്‍ ഞെട്ടലോടെ ഓര്‍ക്കുന്നു. കുറ്റമാരോപിക്കുന്നവരെ കല്ലെറിഞ്ഞ് കാലപുരിക്കയക്കുമെന്നും പരസ്യമായി തലവെട്ടുമെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.
ഉത്തരകൊറിയയിലെ പര്‍വതമടക്കുകളില്‍ ആര്‍ക്കും എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഇടങ്ങളിലുമാണ് തടവറകള്‍ നിലകൊള്ളുന്നത്. തടവുകാരന്‍ രക്ഷപ്പെട്ടതിന്റെ പേരില്‍ അധികൃതര്‍ ഏഴംഗങ്ങളുള്ള കുടുംബത്തെ പ്രതികാരത്തോടെ കൂട്ടക്കൊല ചെയ്ത് വലിച്ചെറിഞ്ഞ സംഭവം ഇന്നും ജിന്നിന് പേടി സ്വപ്നമാണ്. രണ്ട് സഹോദരന്മാരുടെ തല തങ്ങളുടെ മുമ്പില്‍ വച്ച് ജയില്‍ അധികൃതര്‍ വെട്ടിയെറിഞ്ഞത് തനിക്ക് ഇപ്പോഴും ഞെട്ടലോടെ ഓര്‍ക്കാനാവുന്നുള്ളുവെന്നും ഈ വനിതാ ഗാര്‍ഡ് വെളിപ്പെടുത്തുന്നു. എന്തോ കുറ്റമാരോപിച്ച് ചൈനയില്‍ നിന്നും അറസ്റ്റ് ചെയ്ത് നോര്‍ത്തുകൊറിയന്‍ ദമ്പതികളെ ക്രൂരപീഡനത്തിന് ശേഷം കൊല ചെയ്തത് ഇന്നും ജിന്നിന് മറക്കാനാവുന്നില്ല.
ചില തടവ് പുള്ളികളെ കല്ലെറിഞ്ഞ് കൊല്ലുന്നതും ഇവിടെ പതിവാണ്. ക്യാമ്പ് ഗാര്‍ഡെന്ന നിലയില്‍ ഏഴ് വര്‍ഷം ജോലി ചെയ്ത കാലത്തിനിടെ കണ്ട ഇത്തരം ചില കാഴ്ചകള്‍ മൂലം ചിലപ്പോള്‍ തനിക്ക് ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് ജിന്‍ പറയുന്നത്. ഇത്തരം തടവറകളില്‍ കൂട്ടക്കൊലകളും പീഡനങ്ങളും ബലാത്സംഗങ്ങളും പതിവാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയത്തടവുകാരെയും രാജ്യത്തിന്റെ ശത്രുവായി സംശയമുള്ളവരെ വരെ ഇവിടെ ക്രൂരമായ പീഡനങ്ങള്‍ക്കും വധശിക്ഷയ്ക്കുമാണ് വിധേയരാക്കുന്നത്. ഇവിടെ തടവ് പുള്ളികളെ മനുഷ്യരായിട്ടല്ല കാണുന്നതെന്നും മറിച്ച് മൃഗങ്ങളായിട്ടാണ് കണക്കാക്കുന്നതെന്നും ജിന്‍ പറയുന്നു.
ചൈനയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവസാനം ജിന്നും ഇവിടെ ജയിലിലാവുകയായിരുന്നുവെന്നും പിന്നീട് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. തടവറയില്‍ തനിക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും ജിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ലേബര്‍ ക്യാമ്പുകളില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര്‍ നരകിക്കുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്.
കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ വര്‍ധിച്ച യുദ്ധഭീഷണി ശക്തമായ സാഹചര്യത്തിലാണ് ജിന്നിന്റെ ഈ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ഇത്തരം ലേബര്‍ ക്യാമ്പുകളിലൂടെ ഉത്തരകൊറിയ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന ആരോപണം യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ നടത്തുന്നുമുണ്ട്. ആയുധ പരീക്ഷണങ്ങളും വെല്ലുവിളികളുമായി ഉത്തരകൊറിയ ധിക്കാരപൂര്‍വം മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ യുഎസ് ഏത് നിമിഷവും ഉത്തരകൊറിയയെ ആക്രമിക്കുമെന്ന ഭീഷണി മുമ്പില്ലാത്ത വിധത്തില്‍ ഇപ്പോള്‍ ശക്തമായിരിക്കുകയാണ്.