പാലക്കാട്: സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കൊന്നുകളയുമെന്ന് നെഹറു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ഭീഷണി. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും നെഹ്‌റു കോളേജ് വിഷയത്തില്‍ ഇടപ്പെട്ടിടും അഹങ്കാരത്തോടെയാണ് നെഹ്‌റു ഗ്രൂപ്പ് എംഡി ഇടപെടുന്നത്.
മക്കളെ മോര്‍ച്ചറിയില്‍ വന്ന് കാണേണ്ടിവരുമെന്ന് രക്ഷിതാക്കളെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. കേസുകള്‍ ഒതുക്കിതീര്‍ക്കാന്‍ തനിക്ക് പണവും സ്വാധീനവുമുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞതായും രക്ഷിതാക്കള്‍ പറഞ്ഞു.
ഭീഷണി സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. സമരത്തിന് നേതൃത്വം നല്‍കിയ നാല് കുട്ടികളുടെ മാതാപിതാക്കളെയാണ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ശനിയാഴ്ച്ച കോളേജില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം മാനേജ്മെന്റ് വിളിച്ചുചേര്‍ത്തിരുന്നു. ഇതിലേക്ക് നാല് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേകം വിളിച്ച് വരുത്തിയാണ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണം പി കൃഷ്ണദാസ് ആവര്‍ത്തിച്ചു. കോപ്പയടിയുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ ജിഷ്ണുവിനെ ഉപദേശിച്ചിരുന്നു. സന്തോഷത്തോടെ പോയ ജിഷ്ണു പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും കൃഷ്ദാസ് ആരോപിച്ചു
ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാമ്പാടി നെഹ്റു കോളേജിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. കൃഷ്ണ ദാസിനെ ശനിയാഴ്ച്ച എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ഉപരോധത്തേ തുടര്‍ന്ന് കോളേജിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കോളേജ് തുറന്ന് പ്രവര്‍ത്ഥിക്കുന്നതിനും ആവശ്യമായ ചര്‍ച്ച 2017 ഫെബ്രുവരി 13 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഒറ്റപ്പാലം ഗസ്റ്റ് ഹൗസില്‍ യോഗം ചേരുമെന്നും ചെയര്‍മാന്‍ എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കി.