അഗർത്തല: വടക്കു കിഴക്കൻ പോരിൽ ത്രിപുരയിലും നാഗാലാൻഡിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി. മേഘാലയയിൽ നാല് സീറ്റ് നേടിയ ബിജെപി എൻപിപിയ്ക്കൊപ്പം സർക്കാരിന്റെ ഭാഗമായേക്കും.അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസുമായി കൈകോർത്ത സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു. ഐപിഎഫ്ടി എന്ന എൻഡിഎ സഖ്യകക്ഷിയുടെ കോട്ടകൾ കീഴടക്കി തിപ്ര മോത പാർടി ആദ്യ തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാക്കി മാറ്റി. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേറെ സീറ്റിൽ മുന്നേറുന്നുണ്ട്. സിപിഎമ്മിനും തിപ്ര മോത പാർട്ടിക്കും 11 സീറ്റുകളിൽ വീതമാണ് മുന്നേറ്റം. കോൺഗ്രസ് നാലിടത്ത് മുന്നിലാണ്.
ത്രിപുരയിൽ 31 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചുകഴിഞ്ഞു. നാലിടത്ത് ബിജെപി മുന്നിലാണ്. സിപിഎം -കോൺഗ്രസ് സഖ്യം 13 സീറ്റിൽ ഒതുങ്ങി. സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണത്തെ 16 സീറ്റിൽ നിന്നും സിപിഎം പിന്നോട്ടുപോയപ്പോൾ കോൺഗ്രസ് പൂജ്യത്തിൽ നിന്ന് നാലായി നില മെച്ചപ്പെടുത്തി. പുതിയ പാർട്ടിയായ തിപ്ര മോത്ത 12 സീറ്റുകളിൽ മുന്നേറി.
മേഘാലയയിൽ ആറ് സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് വരവ് ഗംഭീരമാക്കി. എൻപിപി 28 സീറ്റും ബിജെപി നാലു സീറ്റുമാണ് നേടിയത്. എൻപിപിയുമായി ചേർന്ന് ബിജെപി മേഘലായയിൽ സർക്കാരിന്‍റെ ഭാഗമാകും. മേഘാലയയിൽ കോൺഗ്രസ് നാലിടത്താണ് മുന്നിട്ട് നിൽക്കുന്നത്.
അതേസമയം നാഗാലാൻഡിൽ മികച്ച വിജയമാണ് ബിജെപി നേടിയത്. 32 ഇടത്ത് ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. ആറിടത്ത് അവർ മുന്നിട്ടുനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ എട്ട് സീറ്റുകൾ അധികം നേടിയാണ് ബിജെപി നാഗാലാൻഡ് പിടിച്ചത്. എൻപിപി നാലും എൻപിഎഫ് മൂന്നു സീറ്റുകളിൽ വിജയിച്ചു. എന്നാൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.