
പീച്ചിയിൽ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. സാൽവേഷൻ ആർമി ചർച്ച് പാസ്റ്റർ സനിൽ പി. ജയിംസിനാണ് തൃശൂർ പോക്സോ കോടതി ശിക്ഷ വിധിച്ചത്. കോട്ടയം കറുകച്ചാൽ സ്വദേശിയാണ് ഇയാൾ.
പെൺകുട്ടിയുടെ സഹപാഠിയായ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 40 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ വിയ്യൂർ സെന്റർ ജയിലിലാണിപ്പോൾ. പോക്‌സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തൃശൂർ സെഷൻസ് കോടതി ഇപ്പോൾ വീണ്ടും ശിക്ഷ വിധിച്ചിരിക്കുന്നത്.
പീച്ചി-പായിക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ പാസ്റ്ററായ ഇയാൾ പള്ളിയുടെ ഈ പ്രദേശത്തെ കുടുംബങ്ങളിലെ നിത്യസന്ദർശകനായിരുന്നു. പാസ്റ്ററെന്ന നിലയിൽ ഭാര്യയോടൊപ്പമേ വീടുസന്ദർശനം നടത്താവൂവെന്ന് നിബന്ധനയുണ്ടെങ്കിലും പലപ്പോഴും ഇയാൾ ഒറ്റയ്ക്കാണ് ഇത്തരം സന്ദർശനങ്ങൾ നടത്തിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങളിലെ മുതിർന്നവർ അതിരാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്താണ് ഇയാൾ കുട്ടികളുമായി ചങ്ങാത്തം കൂടിയത്.
വീട്ടുകാരുമായും കുട്ടികളുമായും നല്ലരീതിയിൽ പെരുമാറി ഇവരുടെ വിശ്വാസം നേടിയെടുത്ത ഇയാൾ പീന്നീട് രഹസ്യമായി കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചെറിയതോതിലുള്ള പീഡനങ്ങൾ തുടങ്ങി. പാസ്റ്ററെപ്പറ്റി എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന ധൈര്യം ഇയാൾക്ക് പീഡനം നടത്താൻ തുണയായി.
2013 മുതൽ 2015 വരെ സാൽവേഷൻ ആർമി ചർച്ചിലും പാസ്റ്ററുടെ ഔദ്യോഗിക വസതിയിലും മൂന്നുവട്ടം പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണു കേസ്. 2013 ലെ ക്രിസ്മസ് ചടങ്ങിനിടെയായിരുന്നു ആദ്യ പീഡനം. രണ്ടാംവട്ടം പെൺകുട്ടിയുടെ വീട്ടിൽവച്ചും മൂന്നാംവട്ടം തന്റെ വീട്ടിൽവച്ചും പാസ്റ്റർ സനൽ പെൺകുട്ടിയെ പീഡിപ്പിച്ചു. പ്രതി പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുകയായിരുന്നു. അദ്ധ്യാപികയോടാണു കുട്ടി പീഡനവിവരം ആദ്യം പറയുന്നത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന വിവരം പീച്ചി പൊലീസിൽ അറിയിച്ചു.
മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനു വിധേയയായതായി തെളിഞ്ഞിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഇരയടക്കം 16 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിയുടെ ഭാര്യയും മകളും പ്രതിയോടൊപ്പം താമസിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പ്രോസിക്യൂഷനുവേണ്ടി പോക്‌സോ കോടതി സ്‌പെഷൽ പബ്ലിക് പ്രോസിക്്യൂട്ടർ പയസ് മാത്യു ഹാജരായി. ഒല്ലൂർ സിഐ ആയിരുന്ന എ. ഉമേഷ്, തൃശൂർ എ.സി.പി. ആയിരുന്ന ശിവവിക്രം എന്നിവരാണ് കേസ് അന്വേഷിച്ചത്.
പെൺകുട്ടിയുടെ സഹപാഠിയായ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സനൽ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ 40 വർഷത്തെ തടവ് അനുഭവിച്ചുവരികയാണ്. 12 വയസുള്ള പെൺകുട്ടിയെ രണ്ടു മാസത്തിനിടെ പലവട്ടം പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ഈ കേസ്.