സ്വന്തം ലേഖകൻ
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിലെങ്കിലും ബിജെപി – ബിജെഡിഎസ് സഖ്യവും കോൺഗ്രസും തമ്മിലുള്ള പോരാട്ടം ഉറപ്പാക്കണമെന്നു ബിജെപി ദേശീയ നേതൃത്വത്തിന്റെ കർശന നിർദേശം. സിപിഎമ്മിനെ ഒരിടത്തു പോലും മത്സര ചിത്രത്തിൽ കൊണ്ടു വരരുതെന്ന നിർദേശമാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം എല്ലാ മന്ത്രിമാർക്കെതിരെയും ശക്തമായ സ്ഥാനാർഥികളെ നിർത്താൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു കർശന നിർദേശം നൽകി. ആർഎസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംസ്ഥാനത്തെ സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളെന്നാണ് സൂചനകൾ.
ബിജെപി – ബിജെഡിഎസ് സഖ്യത്തിൽ ഇപ്പോൾ വിള്ളൽ വീണിട്ടുണ്ടെങ്കിലും സഖ്യം പൂർണമായും ഉപേക്ഷിക്കാൻ ഇപ്പോഴും എസ്എൻഡിപി നേതൃത്വം തയ്യാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റിൽ ബിജെഡിഎസും 60 സീറ്റിൽ ബിജെപിയും മത്സരിക്കുന്നതിനാണ് ധാരണ. ബാക്കിയുള്ള ഘടകകക്ഷികൾക്കു മറ്റു സീറ്റുകൾ നൽകുകയും ചെയ്യും. എസ്എൻഡിപിയുടെ ശക്തി കേന്ദ്രങ്ങളായ ആലപ്പുഴയും കൊല്ലവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനു എസ്എൻഡിപിയുടെ നേതൃത്വത്തിൽ നിന്നു ശക്തമായ നേതാവ് തന്നെ രംഗത്തിറങ്ങണമെന്നും ബിജെപി കേന്ദ്രങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ മൂലം വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കുന്നതിനാണ് സാധ്യ്ത.
അതുകൊണ്ടു തന്നെ ഹരിപ്പാട് സീറ്റിൽ വെള്ളാപ്പള്ളിയുടെ മകൻ തുഷാർ തന്നെ മത്സരിക്കുമെന്ന സൂചനകളാണ് ഇപ്പോൾ ലഭി്ക്കുന്നത്. തുഷാർ മത്സര രംഗത്തിറങ്ങുന്നതോടെ ആലപ്പുഴ ജില്ലയിലെ വിവിധ സീറ്റുകളിൽ മികച്ച പോരാട്ടം കാഴ്ച വയ്ക്കാൻ ബിജെപി സഖ്യത്തിനു സാധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ ഇവിടെ ബിജെപി 3145 വോട്ട മാത്രമാണ് നേടിയത്. എന്നാൽ, ഇവിലെ 30 ശതമാനത്തിനു മുകളിൽ ഈഴവ വോട്ടുകളുണ്ടെന്നാണ് എസ്എൻഡിപി കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണ 5520 വോട്ടിന്റെ മാത്രം ഭൂരിപക്ഷം ലഭിച്ച വെള്ളാപ്പള്ളിയെ അട്ടിമറിക്കാൻ സാധിക്കുമെന്നും എസ്എൻഡിപി – ബിജെപി സഖ്യം പ്രതീക്ഷിക്കുന്നു.