കൊച്ചി:ചെങ്ങന്നൂർ പിടിക്കാൻ അരയും തലയും മുറുക്കി ബിജെപി രംഗത്ത് .എല്ലാ സാധ്യതകളും ബിജെപി പയറ്റുകയാണ് .ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുത്തതും ഇതിന്റെ ഭാഗമായാണ് . ഉത്തര്‍പ്രദേശില്‍നിന്നാകും തുഷാര്‍ മല്‍സരിക്കുക. ഉടന്‍ തന്നെ നാമനിര്‍ദേശപത്രിക നല്‍കുമെന്നാണ് സൂചന. ബിഡിജെഎസിനെ പരിഗണിച്ചതിനൊപ്പം മറ്റു ഘടകകക്ഷികളെ അവഗണിക്കുന്നില്ലെന്നും ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കി.
എന്‍ഡിഎ ഘടകകക്ഷികള്‍ക്കും പദവികള്‍ നല്‍കിയിട്ടുണ്ട്. മറൈന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായ രാജന്‍ കണ്ണാട്ടിനാണ്. പിഎസ്പിയുടെ അധ്യക്ഷന്‍ കെ.കെ. പൊന്നപ്പന് ഫിഷറിസ് കോര്‍പ്പറേഷനും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനു നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയുമാണു ലഭിച്ചിരിക്കുന്നത്. ബിഡിജെഎസില്‍നിന്ന് 14 പേര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ പങ്കാളിത്തം നല്‍കിയിട്ടുമുണ്ട്.
എന്‍ഡിഎ മുന്നണിയില്‍നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് പലതവണ രംഗത്തുവന്നിരുന്നു. പല തവണ ഇടതുമുന്നണിയോട് അടുക്കുന്ന സൂചനപോലും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും നല്‍കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വേണമെന്നും ഇല്ലെങ്കില്‍ ഒറ്റയ്ക്കു മല്‍സരിക്കണമെന്ന അഭിപ്രായം പോലും ബിഡിജെഎസില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഈ സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഈ നീക്കങ്ങള്‍ക്കിടെയാണ് ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്.