മലപ്പുറം: മതം മാറിയതിന്റെ വൈരാഗ്യമാണ് മലപ്പുറത്തെ കൊലപാതകത്തിന് പിന്നില്ലെന്ന് പോലീസ് നിഗമനം.
തിരൂരങ്ങാടി പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ ഫൈസലി (33)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊടിഞ്ഞി ഫാറൂഖ് നഗര്‍ അങ്ങാടിക്കടുത്ത് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
അനില്‍കുമാര്‍ എന്ന ഫൈസല്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പാണ് ഇസ്ലാംമതം സ്വീകരിച്ചത്. സൗദിഅറേബ്യയില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ ആറ് മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭാര്യയെയും രണ്ട് മക്കളെയും മതം മാറ്റിയിരുന്നു. പൊന്നാനി മഊനത്തുല്‍ ഇസ്ലാമില്‍വച്ചായിരുന്നു മതം മാറ്റല്‍ നടന്നതെന്നും ഇവരുടെ പൂര്‍ണ സമ്മതത്തോടെയാണ് മതം മാറിയിരുന്നതെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റില്‍കര സ്വദേശിനിയാണ് ഭാര്യ. അവധി കഴിഞ്ഞ് നാളെ ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ ഫൈസലിനെ വിട്ടിക്കൊലപ്പെടുത്തിയത്.
പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ മൃതദേഹം കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തുകയും കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയുമായിരുന്നു. ഇന്റലിജന്‍സും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മതം മാറിയതിലുള്ള വൈരാഗ്യമാണ് പിന്നിലെന്നാണ് പ്രഥമിക വിലയിരുത്തല്‍.
കൊടിഞ്ഞി പാല പാര്‍ക്കില്‍ വാടക വീട്ടിലാണ് ഫൈസലും കുടുംബവും താമസിച്ചിരുന്നത്. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരാന്‍ ഓട്ടോറിക്ഷയുമായി പോകുന്ന വഴിയിലാണ് കൊലപാതകം നടന്നത്. ദേഹമാസകലം മറിവുകളുള്ളതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിനടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രധാന തെളിവായി പൊലീസിനു ലഭിച്ചു.
രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഫൈസലിനെ വെട്ടുന്ന ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും പരിശോധന
നടത്തി. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയും ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫൈസലിന്റെ മൃതദേഹം പോസ്റ്റുമോര്‍്ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തിരൂരങ്ങാടി കൊടിഞ്ഞി ഭാഗങ്ങളില്‍ ഹര്‍ത്താല്‍ പ്രതീതിയാണിപ്പോള്‍. സംഭവത്തിനു പിന്നില്‍ മതം മാറിയതിലെ വൈരാഗ്യമാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സിസി ടിവി ദൃശ്യം പ്രധാന തെളിവാണെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.