ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ എസ് സി എസ് ടി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം പിന്‍വലിച്ചതായി സര്‍ക്കുലര്‍. അടുത്ത സെമസ്റ്റര്‍ മുതല്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായമുണ്ടായിരിക്കില്ലെന്ന് ക്യാംപസ് റജിസ്റ്റാര്‍ സി പി മോഹന്‍ കുമാര്‍ പുറപ്പെടുവിപ്പിച്ച സര്‍ക്കുലറില്‍ പറയുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് പുറമേ, വാര്‍ഷിക വരുമാനം കുറവായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായവും പിന്‍വലിച്ചിട്ടുണ്ട്.
പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫീസിനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഫണ്ടില്‍ 20 കോടി രൂപ കുടിശ്ശികയുള്ളതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നത് എന്ന് സര്‍ക്കുലറില്‍ പറയുന്നു. ഫണ്ട് അനുവദിക്കേണ്ട കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തോടും ആദിവാസി ക്ഷേമ മന്ത്രാലയത്തോടും നിരവധി തവണ ഇത് ആവശ്യപ്പെട്ടിട്ടും അനുവദിച്ചിട്ടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
പുതിയ സര്‍ക്കുലര്‍ അനുസരിച്ച് സ്കോളര്‍ഷിപ്പ് നേടി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ തുകയും ഫീസിനത്തില്‍ നല്‍കേണ്ടി വരും. നിലവില്‍ വിവിധ സ്കോളര്‍ഷിപ്പ് നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് സര്‍ക്കാരും ബാക്കിയുള്ള തുക വിദ്യാഭ്യാസ സ്ഥാപനവുമാണ് വഹിക്കുന്നത്. ഈ തുക വഹിക്കാനാവുന്ന അവസ്ഥയില്‍ അല്ല സ്ഥാപനമെന്ന് ടിഐഎസ്എസ് ഡയറ്കടര്‍ എസ്. പരശുരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ വിവിധ കോഴസുകള്‍ ലഭ്യമാക്കുന്ന രാജ്യത്തെ ഒന്നാം നിര സ്ഥാപനങ്ങളില്‍ ഒന്നാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്. മുംബൈയിലാണ് സ്ഥാപനത്തിന്റെ പ്രധാന ക്യാംപസ്.
സാമ്പത്തിക സഹായം പിന്‍വലിക്കുന്നതിനാല്‍ കേന്ദ്രീകൃത ബാങ്കുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്ഥാപനം ചെയ്യുന്നതായും സര്‍ക്കുലറില്‍ പറയുന്നു.
അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ ആധാര്‍ കാര്‍ഡില്ലാതെ തുടര്‍ന്ന് പഠിക്കാനാവില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ ഹാജര്‍ രേഖപ്പെടുത്തുന്നത് ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ചായിരിക്കുനമെന്ന് സര്‍ക്കുലറില്‍ പറയുന്നു.