അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്രപേടകം ടൈറ്റന്‍ പൊട്ടിത്തെറിച്ചതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പല്‍ കാണാന്‍ പോയ സംഘം അപകടത്തില്‍പെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദര്‍ഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റന്‍. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ടൈക്കൂണ്‍ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, സബ്‌മെര്‍സിബിള്‍ കമ്പനിയുടെ സിഇഒ സ്റ്റോക്ടന്‍ റണ്ട്, ക്യാപ്റ്റന്‍ പോള്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികള്‍ പോയത്. 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ) ഓരോ സഞ്ചാരിയും ഈ അതിസാഹസിക യാത്രയ്ക്കായി നല്‍കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ടൈറ്റനില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാന്‍ഡ് ഷിപ്പില്‍ നിന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുന്നത്. തുടര്‍ന്ന് യുഎസ് നേവിയുടെ നേതൃത്വത്തില്‍ കൂടുതല്‍ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്.