ലോകത്തെ ഞെട്ടിച്ച് 1,500ലധികം പേരുടെ മരണത്തിനിടയാക്കിയ ടൈറ്റാനിക് കപ്പലപകടം നടന്നിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. 1912 ഏപ്രിൽ 14നായിരുന്നു അന്നത്തെ ഏറ്റവും സുരക്ഷയുള്ള ആഡംബരക്കപ്പൽ എന്ന ബഹുമതിയോടെ നീറ്റിലിറക്കിയ ടൈറ്റാനിക് അപകടത്തിൽപ്പെട്ടത്. അതും കന്നിയാത്രയിൽത്തന്നെ. അപകടത്തിനു തൊട്ടുമുന്‍പുള്ള ദിവസം അലക്സാണ്ടർ ഓസ്കർ ഹോൾവേഴ്സൺ എന്ന യാത്രക്കാരൻ എഴുതിയ കത്ത് കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റു. 1,26,000 പൗണ്ടിനാണ് (ഒരു കോടിയോളം രൂപ) കത്ത് ലേലത്തിൽ പോയത്. ഭാര്യ മേരിക്കൊപ്പമായിരുന്നു അലക്സാണ്ടറിന്റെ യാത്ര. അപകടത്തിൽ അലക്സാണ്ടർ മരണമടഞ്ഞെങ്കിലും മേരി രക്ഷപ്പെട്ടിരുന്നു. എന്നാൽ, 1918ൽ 41-ാം വയസിൽ വൃക്കരോഗത്തെത്തുടർന്ന് മേരിയും മരണമടഞ്ഞു. യാത്രയെക്കുറിച്ചും കപ്പലിലെ സൗകര്യങ്ങളെക്കുറിച്ചുമാണ് അലക്സാണ്ടർ തന്റെ കുറിപ്പിൽ പരാമർശിച്ചത്. ടൈറ്റാനിക് അപകടത്തിനുശേഷം ഹോൾവേഴ്സന്റെ മൃതദേഹം ലഭിച്ചപ്പോൾ വസ്ത്രത്തിന്റെ പോക്കറ്റിലെ പോക്കറ്റ് ഡയറിയിൽനിന്നാണ് നാലു പേജുള്ള കത്തിന്റെ മൂന്നു പേജ് കിട്ടിയത്. ഇതു പിന്നീട് അദ്ദേഹത്തിന്റെ അമ്മ ഏറ്റുവാങ്ങി.
ടൈറ്റാനിക്കിലെ കത്തിന് ഒരു കോടി രൂപ
Tags: titanic letter