ടോക്കിയോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ചരിത്രവിജയം ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി . ജര്‍മനിക്കെതിരെ കുറിച്ച അത്യുഗ്രന്‍ ജയമാണ് ഇന്ത്യയ്ക്ക് വെങ്കല നേട്ടം സമ്മാനിച്ചത്. നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യ ജര്‍മന്‍ പടയെ തുരത്തി. ഒരു ഘട്ടത്തില്‍ 1-3 എന്ന നിലയില്‍ പിന്നില്‍പ്പോയ ശേഷമാണ് ഇന്ത്യന്‍ സംഘത്തിന്റെ ഗംഭീര തിരിച്ചുവരവ്. ടോക്കിയോയില്‍ ഇന്ത്യയുടെ അഞ്ചാമത്തെ മെഡല്‍ നേട്ടമാണിത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നതും.
അത്യന്തം ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ പുരുഷ ടീം ചരിത്ര മെഡൽ നേടിയത്. മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് നടത്തിയ തകർപ്പൻ സേവുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി.ഇന്ത്യക്കായി സിമ്രൻജീത് സിങ് രണ്ടു ഗോളുകൾ നേടി. ഹാർദിക് സിങ്, രുപീന്ദർപാൽ സിങ്, ഹർമൻപ്രീത് സിങ് എന്നിവരാണ് ഗോളുകൾ നേടിയത്. ജർമനിക്ക് വേണ്ടി തിമൂർ ഒറുസ് രണ്ട് ഗോളുകൾ നേടി.
ജർമനിക്കെതിരായ ജയത്തോടെ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം 1980 മോസ്‌ക്കോ ഒളിമ്പിക്‌സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്‌കോയിൽ നേടിയ സ്വർണമായിരുന്നു ഹോക്കിയിൽ ഇന്ത്യയുടെ അവസാന മെഡൽ. പിന്നീട് ഇപ്പോഴാണ് ഇന്ത്യ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്സിൽ ഹോക്കിയിൽ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ജർമനി ഇന്ത്യക്കെതിരെ ലീഡ് നേടി. തുടക്കത്തിൽ പിന്നിലേക്ക് പോയതിന് ശേഷം മികച്ച രീതിയിൽ ഇന്ത്യ തിരിച്ചുവന്നെങ്കിലും ആദ്യത്തെ ക്വാർട്ടറിൽ ഗോൾ നേടാൻ കഴിഞ്ഞില്ല. മറുവശത്ത് ശക്തമായ പ്രെസ്സിങ് നടത്തി ജർമനി നാല് പെനാൽറ്റി കോർണറുകൾ നേടിയെടുത്തെങ്കിലും ശ്രീജേഷ് അടങ്ങുന്ന ഇന്ത്യൻ പ്രതിരോധ നിര അവയ്‌ക്കെതിരെ മികച്ച പ്രതിരോധം തീർത്തു.
രണ്ടാം ക്വാർട്ടറിലെ ആദ്യ മിനിറ്റിൽ സിമ്രൻജീത് സിങ് നേടിയ ഗോളിൽ ഇന്ത്യ ജർമനിയെ ഒപ്പം പിടിച്ചു. എന്നാൽ തുടരെ രണ്ട് ഗോളുകൾ നേടി ജർമനി കളിയിൽ വീണ്ടും ലീഡെടുത്തു. നിക്ലാസ് വെല്ലൻ രണ്ടാം ഗോൾ നേടിയപ്പോൾ ഇന്ത്യയുടെ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ഒറൂസ് ആയിരുന്നു ജർമൻ ടീമിന്റെ മൂന്നാം ഗോൾ നേടിയത്. എന്നാൽ ഇന്ത്യ പിന്നോട്ട് പോയില്ല. മികച്ച ആക്രമണങ്ങളുമായി മുന്നേറിയ ഇന്ത്യ തൊട്ടുപിന്നാലെ ഹാർദിക് സിങ്ങിലൂടെ രണ്ടാം ഗോൾ നേടി ജർമനിയുടെ ലീഡ് കുറച്ച് കൊണ്ടുവന്നു. ഗോൾ നേടിയതോടെ ആവേശത്തിലായ ഇന്ത്യ ജർമൻ ഗോൾമുഖത്ത് തുടർച്ചയായ അക്രമണങ്ങളിലൂടെ രണ്ട് പെനാൽറ്റി കോർണറുകൾ നേടിയെടുക്കുകയും ഇതിൽ ഒന്നിൽ ഗോളാക്കി ജർമനിയെ ഒപ്പം പിടിക്കുകയും ചെയ്തു. രണ്ടാം ക്വാർട്ടറിന്റെ അവസാന നിമിഷത്തിൽ ഇന്ത്യക്ക് വേണ്ടി ഹർമൻപ്രീത് സിങാണ് ഗോൾ നേടിയത്.
നിർണായകമായ രണ്ടാം പകുതിയിൽ തുടർച്ചയായി ഗോളുകൾ നേടിയ ആവേശം തുടർന്ന ഇന്ത്യ ആദ്യ നാല് മിനിറ്റുകൾക്കുള്ളിൽ തന്നെ രണ്ട് ഗോളുകൾ നേടി കളിയിൽ ആദ്യമായി ലീഡെടുത്തു. പെനാൽറ്റി സ്‌ട്രോക്കിലൂടെ രൂപീന്ദർപാൽ സിങ് ഇന്ത്യയുടെ നാലാം ഗോൾ നേടിയപ്പോൾ മനോഹരമായ ഫീൽഡ് ഗോളിലൂടെ സിമ്രൻജീത് സിങ് ഇന്ത്യയുടെ ലീഡ് വർധിപ്പിച്ചു.
ആവേശകരമായ അവസാന ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ ജർമനി അവരുടെ നാലാം ഗോൾ കണ്ടെത്തി. തുടരെ പെനാൽറ്റി കോർണറുകൾ നേടി ജർമൻ നിര ഇന്ത്യയെ പ്രതിരോധത്തിൽ ആക്കിയെങ്കിലും ഇന്ത്യ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. പിന്നാലെ ലീഡ് ഉയർത്താൻ ഇന്ത്യക്ക് ഒരു സുവർണാവസരം ലഭിച്ചെങ്കിലും മൻദീപ് സിങ് അത് നഷ്ടപ്പെടുത്തി. പിന്നാലെ വീണ്ടും പെനാൽറ്റി കോർണറിലൂടെ അപകടം വിതക്കാൻ ജർമൻ നിര ശ്രമിച്ചെങ്കിലും ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഇന്ത്യയെ കാത്തു.
നാലാം ക്വാര്‍ട്ടറില്‍ തുടക്കത്തില്‍ത്തന്നെ നാലാം ഗോള്‍ കണ്ടെത്താന്‍ ജര്‍മനിക്ക് കഴിഞ്ഞെങ്കിലും സമനില ഗോള്‍ മാത്രം കുറിക്കാന്‍ ടീം പരാജയപ്പെട്ടു. ഇന്ത്യന്‍ ഗോള്‍ മുഖത്ത് മലയാളി താരം പി ആര്‍ ശ്രീജേഷ് നടത്തിയ അത്യുഗ്രന്‍ സേവുകളും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ ഒളിമ്പിക്‌സ് ചരിത്രത്തിലെ മൂന്നാമത്തെ വെങ്കല മെഡലാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഒളിമ്പിക്‌സ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ കരസ്ഥമാക്കിയ രാജ്യം ഇന്ത്യയാണ്.