ഇന്ത്യന്‍ റോഡ് യാത്രകളിലെ പതിവ് കാഴ്ചകളില്‍ ഒന്ന് ടോള്‍ ബൂത്തുകളാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന ദേശീയ പാതകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ടോള്‍ ബൂത്തുകളാണ് എന്ന് പ്രത്യേകം പറയേണ്ടതും ഇല്ല. ടോള്‍ ബൂത്തിലെ നീണ്ട വരികളാണ് എന്നും ഇന്ത്യന്‍ യാത്രകളുടെ രസം കെടുത്തുന്നത്. എന്തായാലും ടോള്‍ ബൂത്ത് പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ പരിഹാരം വന്നെത്തിയിരിക്കുകയാണ്.
2017 ഓഗസ്റ്റ് മുതല്‍ പുതിയ കാറുകളില്‍ ടോള്‍ ടാഗുകള്‍ അല്ലെങ്കില്‍ ആര്‍എഫ്‌ഐഡി ( RadioFrequency Identificaton) ടാഗുകള്‍ ഡീലര്‍മാര്‍ നല്‍കി തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഷോറൂമുകളില്‍ നിന്നും പുതിയ മോഡലുകളുടെ വില്‍പന വേളയില്‍ തന്നെ ഡീലര്‍മാര്‍ ടോള്‍ ടാഗുകള്‍ നല്‍കണമെന്ന് നിര്‍ദ്ദേശം വ്യക്തമാക്കുന്നു. എന്താണ് ആര്‍എഫ്‌ഐഡി അല്ലെങ്കില്‍ ടോള്‍ ടാഗുകള്‍? എല്ലാവര്‍ക്കും സംശയമുണ്ടാകും.
ഇലക്ട്രോണിക് സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ ടോള്‍ പിരിവിനെ സുഗമമാക്കുകയാണ് ടോള്‍ ടാഗുകള്‍. ടോള്‍ ടാഗ് മുഖേന, ടോള്‍ ടാക്‌സ് ബൂത്തുകളില്‍ നിര്‍ത്താതെ തന്നെ വാഹനങ്ങള്‍ക്ക് ടോള്‍ അടച്ച് മുന്നോട്ട് നീങ്ങാന്‍ സാധിക്കും. പുതിയ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സിസ്റ്റത്തില്‍ ആര്‍എഫ്‌ഐഡി കാര്‍ഡില്‍ നിന്നുമാകും പണം ഈടാക്കുക. ടോള്‍ ടാഗുകള്‍ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം എന്നതും പുതിയ സംവിധാനത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കും.
ടോള്‍ ടാഗിന്റെ നാള്‍വഴി 2016 നവംബറില്‍, നോട്ട് നിരോധന കാലത്താണ്് പുതിയ കാറുകളില്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ടാഗുകള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. ഡിജിറ്റല്‍ ഐഡന്റിറ്റി ടാഗുകള്‍ മുഖേന ടോള്‍ പ്ലാസകളില്‍ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിക്കും എന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു. മാത്രമല്ല, ഡിജിറ്റല്‍ ഐഡന്റിറ്റി ടാഗുകള്‍ ടോള്‍ പ്ലാസകളിലും ചെക്‌പോസ്റ്റുകളിലും അനുഭവപ്പെടുന്ന തിരക്കിനെ ഗണ്യമായി കുറയ്ക്കുമെന്നും കേന്ദ്ര നിര്‍ദ്ദേശം സൂചിപ്പിച്ചിരുന്നു.
നോട്ട് രഹിത സമ്പദ് വ്യവസ്ഥയിലേക്ക് ഈ നിര്‍ദ്ദേശം മികച്ച ചുവട് വെയ്പ്പായി നിരീക്ഷകര്‍ വിലയിരുത്തിയെങ്കിലും, മതിയായ സാങ്കേതിക വികസനം വന്നെത്താതിനാല്‍ പുതിയ ഡിജിറ്റല്‍ ഐഡന്‍ിറ്റി ടാഗെന്ന ആശയം ശക്തമായാണ് എതിര്‍ക്കപ്പെട്ടിരുന്നത്.റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗുകള്‍ ഉപയോഗിക്കുന്ന സമാന സാങ്കേതികതയാണ് കേന്ദ്രം നിര്‍ദ്ദേശിച്ച ഡിജിറ്റല്‍ ഐഡന്റിറ്റി ടാഗുകള്‍ക്കുമുണ്ടായിരുന്നത്.
രാജ്യത്ത് 73 ലക്ഷം കാറുകളില്‍ ആര്‍എഫ്‌ഐഡി ടാഗുകള്‍ ഒരുങ്ങിയിട്ടുണ്ട്. നിലവില്‍ ബാങ്കുകളില്‍ നിന്നുമാണ് വാഹന ഉപഭോക്താക്കള്‍ ടോള്‍ ടാഗുകളെ നേടുന്നത്. ഇനി മുതല്‍ പുതിയ വാഹനങ്ങളിലെ ടോള്‍ ടാഗുകള്‍ ഡീലര്‍മാരുടെ ഉത്തരവാദിത്വമായി മാറുകയാണ്. ഒക്ടോബര്‍ മുതല്‍ ടോള്‍ ടാഗുകള്‍ ഡീലര്‍ തലത്തില്‍ നടപ്പിലാക്കാനായിരുന്നു ആദ്യം തീരുമാനം കൈക്കൊണ്ടിരുന്നത്. ഏകദേശം 100 രൂപ നിരക്കില്‍ ടോള്‍ ടാഗുകളെ ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് നേടാം.