സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌കും എടുക്കാനുള്ള മനംകരുത്താണ് ഹോളിവുഡ് നടന്‍ ടോം ക്രൂസിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മിഷന്‍ ഇംപോസിബിള്‍ മുന്‍ചിത്രങ്ങള്‍ക്കായി ബുര്‍ജ് ഖലീഫയുടെ മുകളിലും കാര്‍ഗോ വിമാനത്തില്‍ തൂങ്ങിക്കിടന്നുമുള്ള അവിശ്വസനീയ സ്റ്റണ്ട് രംഗങ്ങള്‍ അദ്ദേഹം ജീവന്‍പണയം വച്ച് ചെയ്തതാണ്.
ഡ്യൂപ്പിനെ വയ്ക്കാതെ സംഘട്ടന രംഗങ്ങള്‍ സ്വയം ചെയ്യുന്ന പതിവ് ഇക്കുറിയും ടോം തെറ്റിച്ചില്ല. പുതിയ ചിത്രം മിഷന്‍ ഇംപോസിബിള്‍ ഫോള്‍ ഔട്ട് അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ടോം ക്രൂസിന്റെ ജീവന്‍പണയംവെച്ചുളള സാഹസികരംഗങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ്. ഫോള്‍ ഔട്ട് ഇറങ്ങും മുന്‍പേ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങള്‍ വൈറലായി. സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരുക്ക് പറ്റി അദ്ദേഹം ചികിത്സയിലായിരുന്നു.
ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടയിലാണ് അപകടം സംഭവിച്ചത്. സിനിമയുടെ മേക്കിങ് വീഡിയോ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകും എത്രമാത്രം അപകടം പിടിച്ചതായിരുന്നു ആ രംഗങ്ങളെന്ന്. ഇത്തവണ അതിസാഹസികമായ ഹാലോ ജംപ് (High Altitude Low Oxygen) ടോം ക്രൂസ് സിനിമയ്ക്കായി ചെയ്തിരിക്കുന്നു. വിമാനത്തില്‍ നിന്നും 25000-30000 അടി മുകളില്‍ നിന്നും ചാടുക. നിലത്ത് എത്താറായെന്ന് ഏകദേശം ഉറപ്പുള്ള സമയത്ത് മാത്രം പാരച്യൂട്ട് ഉപയോഗിക്കുക. ചെറിയൊരു അബദ്ധം സംഭവിച്ചാല്‍ മരണം ഉറപ്പ്. ഇതിനായി മാസങ്ങളോളം ടോം ക്രൂസ് പരിശീലനത്തിലായിരുന്നു. പല തവണ വിമാനത്തില്‍ നിന്നും ചാടിയും മറ്റും പരിശീലനം നേടിയ ശേഷമാണ് സിനിമയ്ക്കായി ടേക്ക് എടുത്തത്. ചിത്രത്തിലെ ക്ലൈമാക്‌സ് സംഘട്ടനരംഗങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ പറത്താന്‍ പ്രത്യേകമായി പരിശീലനവും ടോം ക്രൂസ് നേടിയിരുന്നു.