![](https://dailyindianherald.com/wp-content/uploads/2016/10/ttma.jpg)
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിജിലൻസ് കേസിൽ കുടുങ്ങിയ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ രണ്ടു ദിവസത്തിനകം സസ്പെന്റ് ചെയ്യും. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ടോം ജോസിനെതിരെ വകുപ്പ് തല നടപടികൾക്കു ശുപാർശ ചെയതിരിക്കുന്നത്. ഇതിനിടെ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരെ എല്ലാവരെയും ചീഫ് സെക്രട്ടറി തള്ളിപ്പറഞ്ഞു.
ടോം ജോസിനെതിരെ വിജിലൻസിന്റെ റിപ്പോർട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയനാനന്ദ് അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോം ജോസിനെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥ തലത്തിൽ ഭിന്നിപ്പില്ല. അതു സംബന്ധിച്ച ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ടോം ജോസിന് 1.19 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.
അതേസമയം, ടോം ജോസിന്റെ പ്രവാസി സുഹൃത്തിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു. പ്രവാസിയായ ഡോ.അനിതാ ജോസ് ആണ് മഹാരാഷ്ട്രയിലെ ഭൂമി ഇടപാടിന് പണം നൽകിയതെന്ന് കണ്ടെത്തിയിരുന്നു. ടോം ജോസും അനിതയും തമ്മിൽ എറണാകുളത്തെ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും ഭൂമിയിടപാട് വിവാദമായതോടെ ജോയിന്റ അക്കൗണ്ടിൽ നിന്ന് പിന്മാറുന്നതിന് ടോം ജോസ് ബാങ്കിന് കത്തയച്ചിരുന്നു. ഭൂമിയിടപാടിന് എടുത്ത 1.31 കോടി രുപയുടെ ബാങ്ക് വായ്പ ഒരു വർഷത്തിനുള്ളിൽ 1.41 കോടി രുപയായി തിരിച്ചടച്ചിരുന്നു. ഇതു സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ ഡോ.അനിത ജോസിന്റെ സഹായം കൊണ്ടാണ് വായ്പ തിരിച്ചടച്ചതെന്ന് ടോം ജോസ് വിശദീകരണം നൽകിയിരുന്നു.
അതിനിടെ, കൊച്ചിയിൽ ഡോ.അനിത ജോസിന്റെയും ടോം ജോസിന്റെ ഭാര്യ സോജ ജോസിന്റെയും സംയുക്ത പങ്കാളിത്തത്തിൽ 95 ലക്ഷം രൂപയുടെ ഫഌറ്റ് വാങ്ങിയിരുന്നു. ഇതിനായി 25 ലക്ഷം രൂപ ഇവർ സംയുക്ത ബാങ്ക് വായ്പയായി എടുത്തിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇതിൽ 19 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു.
ഡോ.അനിതയുമായി ടോം ജോസിന്റെ ഇടപാട് വിശദീകമായി പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം. നേരത്തെ എൻഫോഴ്സ്മെന്റും ഇത് പരിശോധിച്ചിരുന്നുവെങ്കിലും പൂർണ്ണമായിരുന്നില്ല. ടോം ജോസ് നടത്തിയ വിദേശയാത്രകളും വിജിലൻസ് പരിശോധിക്കും. ഔദ്യോഗിക ആവശ്യത്തിനും വ്യക്തിപരമായും നടത്തിയ യാത്രകളാണ് നിരീക്ഷിക്കുന്നത്.