തിരുവനന്തപുരം:സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ സമ്മര്‍ദത്തിന് വഴങ്ങി കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ.തച്ചങ്കരിയെ മാറ്റി. പകരം റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡി രത്നകുമാരന് കണ്‍സ്യൂമര്‍ഫെഡിന്റെ അധികചുമതല നല്‍കി.അതേസമയം ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സി.എന്‍. ബാലകൃഷ്ണന്റെ ആവശ്യത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പിന്തുണയ്ക്കുകയായിരുന്നു.
കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നും നീക്കിയതില്‍ വിഷമം ഉണ്ടെന്ന് തച്ചങ്കരി പ്രതികരിച്ചു. ക്രമക്കേടുകള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണോ നടപടിയെന്ന് പറയാന്‍ പരിമിധികള്‍ ഉണ്ട്. തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്കറ്റ്‌ഫെഡ് എം.ഡി.കൂടിയായ തച്ചങ്കരിക്ക് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി എം.ഡി.യുടെ അധികച്ചുമതലകൂടി നല്കി. നേരത്തെ കെ.ബി.പി.എസ്. എം.ഡി.യായിരുന്നു അദ്ദേഹം.ടോമിന്‍ ജെ.തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനങ്ങള്‍ അനുസരിക്കുന്നില്ലെന്ന കാരണത്താലാണിതെന്നാണ് സൂചന. ഈയാവശ്യത്തെ മറ്റുചില മന്ത്രിമാരും അനുകൂലിച്ചു.
കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ബോര്‍ഡും എം.ഡി.യും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഏതാനും പേരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന എം.ഡി.യുടെ ആവശ്യമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്.
പാഠപുസ്തക അച്ചടിയുടെ രണ്ടാംഘട്ടവും വൈകുന്നതിനിടെയാണ് ടോമിന്‍ ജെ.തച്ചങ്കരിയെ കെ.ബി.പി.എസ്സിന്റെ തലപ്പത്ത് നിയമിക്കുന്നത്. ക്രിസ്മസ് പരീക്ഷയ്ക്കുമുന്പ് ഒന്നേകാല്‍ക്കോടി പുസ്തകങ്ങള്‍ അച്ചടിക്കാനുള്ളതില്‍ 18 ലക്ഷം മാത്രമേ ഇതുവരെ അച്ചടിച്ചിട്ടുള്ളൂ. അതേസമയം, കെ.ബി.പി.എസ്. വഴിയുള്ള പാഠപുസ്തക അച്ചടി നവംബര്‍ 1ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നവംബര്‍ 1ന് മുമ്പ് പുസ്തകം വിതരണം ചെയ്യണമെന്നാണ് കരാറെന്നും അദ്ദേഹം പറഞ്ഞു.
തച്ചങ്കരിയെ എം.ഡി.യായി നിയമിക്കുന്നതിനോട് മന്ത്രിസഭായോഗത്തില്‍ ആദ്യം മന്ത്രി കെ.പി.മോഹനന്‍ വിയോജിച്ചെങ്കിലും മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചപ്പോള്‍ വഴങ്ങുകയായിരുന്നു. തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ ആവശ്യവും ആദ്യം അംഗീകരിച്ചില്ല. എന്നാല്‍, മന്ത്രിസഭായോഗത്തിനൊടുവില്‍ തച്ചങ്കരിയെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി എം.ഡി.യായി ആശ തോമസിനെ നിയമിച്ചെങ്കിലും അവര്‍ ചുമതലയേറ്റിരുന്നില്ല.