ടൊയോട്ട ലെജൻഡറിന്റെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് കമ്പനി. ഫോർച്യൂണർ ലെജൻഡറിന്റെ വിപണിയിലെ ആദ്യത്തെ വില വർദ്ധനവാണിത്. വിപണിയിലെത്തി മൂന്നു മാസത്തിന് ശേഷമാണ് ലെജൻഡറിന്റെ വില വർദ്ധിപ്പിച്ചിരിക്കുന്നത്.ഫോർച്യൂണർ ലെജൻഡറിന്റെ നിലവിലെ എക്സ്ഷോറൂം വില 38.30 ലക്ഷം രൂപയാണ്. ഏപ്രിൽ ഒന്നു മുതൽ കാറിന് 72,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ, മോഡലിന് വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല. ഫോർച്യൂണർ ലെജൻഡറിന് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂ.
സാധാരണ ഫോർച്യൂണറുമായി താരതമ്യപ്പെടുത്തുമ്പോൾ ലെജൻഡറിന്റെ ബാഹ്യ രൂപകൽപ്പനയിൽ കുറച്ച് വ്യത്യാസങ്ങളുണ്ട്. പൂർണമായും മാറ്റിയ പുതിയ ഗ്രില്ലും ഫ്രണ്ട് ബമ്പറുമാണ് ലെജൻഡറിന്റെ പ്രത്യേകത. എൽ ഇ ഡി ഹെഡ്‌ലാമ്പുകളിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റിയർ ബമ്പറും വ്യത്യസ്തമാണ്. അതുപോലെ തന്നെ 18 ഇഞ്ച് ഡ്യുവൽ – ടോൺ അലോയ് വീലുകളും ലെജൻഡറിന്റെ പ്രത്യേകതയാണ്.
ടൊയോട്ട ഫോർച്യൂണർ ലെജൻഡറിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ അധിക സവിശേഷതകൾ ലഭ്യമാണ്. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ്, റിയർ യു എസ് ബി പോർട്ട്, ജെസ്റ്റർ – ഓപ്പറേറ്റഡ് ടെയിൽഗേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡ്യുവൽ – സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ – ഡിമ്മിംഗ് ഐ ആർ വി എം, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പുഷ് – ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, കൂൾഡ് ഗ്ലോവ്ബോക്സ്, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, സ്മാർട്ട് കീലെസ് എൻട്രി എന്നിവ ലെജൻഡറിന്റെ മറ്റ് സവിശേഷതകളാണ്.
എന്നാൽ, സൺറൂഫ് ലഭ്യമല്ല. ഇത് ഒരു ഓപ്ഷനായി പോലും ഈ മോഡലിന് ലഭ്യമല്ല. ഏഴ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക് (ഓട്ടോ എമർജൻസി അൺലോക്കിനൊപ്പം), എമർജൻസി ബ്രേക്ക് സിഗ്നൽ എന്നിവ പോലുള്ള നിരവധി സുരക്ഷാ സവിശേഷതകൾ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ നിലവിൽ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ കറുപ്പ് നിറത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ.
അടുത്ത കാലത്തായി വിപണിയിൽ നിരവധി പുതിയ എസ് യു വി മോഡലുകൾ അവതരിപ്പിച്ചിരുന്നു. കണക്കുകൾ അനുസരിച്ച് ജപ്പാൻ നിർമ്മിത കാറുകളാണ് ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ടൊയോട്ട ഫോർച്യൂണറാണ് ഈ ശ്രേണിയിലെ കേമൻ. 2,053 യൂണിറ്റുകളാണ് ഫെബ്രുവരി മാസം മാത്രം ടൊയോട്ട വിൽപ്പന നടത്തിയത്. മികച്ച ആകാര ഭംഗിയാണ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമായി ടൊയോട്ടയുടെ എണ്ണം റോഡുകളിൽ കൂടാൻ സഹായിക്കുന്നത്. ശക്തമായ എൻജിൻ, ഓഫ്റോഡ് ഉപയോഗത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഫോർച്ച്യൂണറിനെ മറ്റു എസ് യു വികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.